സമാധാനം തകർന്നു: ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ല; ക്രൂഡോയിൽ വില ഉയരുന്നു

Published : Jul 08, 2026, 02:37 PM IST
india iran crude oil imports

Synopsis

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ഇറാന് മേലുള്ള ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചതും ഹോർമുസ് കടലിടുക്കിലെ ആശങ്കകളുമാണ് വിലവർധനവിന് പിന്നിൽ. ഈ സാഹചര്യം ഇന്ത്യയിൽ ഇന്ധനവില കുറയാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ (Crude Oil) വിലയിൽ വർധനവ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം എണ്ണവിലയിൽ 3 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തെ പ്രധാന വിപണികളിലൊന്നായ ബ്രെന്റ് ക്രൂഡ് വില 3.2 ശതമാനം ഉയർന്ന് ബാരലിന് 76.54 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വിലയും 3.2 ശതമാനം വർദ്ധിച്ച് ബാരലിന് 72.72 ഡോളറായി.

കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ച് എണ്ണവില കുറഞ്ഞു വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.

എണ്ണവില വീണ്ടും ഉയരാനുള്ള കാരണങ്ങൾ

സൈനികാക്രമണം: ഇറാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇത് പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതി ഉയർത്തുകയും ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്ക ജനിപ്പിക്കുകയും ചെയ്തു.

യുഎസ് ഉപരോധം: ഇറാന് മേൽ ജൂൺ മാസത്തിൽ നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്കൻ ട്രഷറി വിഭാഗം (OFAC) റദ്ദാക്കി. ഇതോടെ ഇറാന് രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നതിന് വീണ്ടും കർശന നിയന്ത്രണങ്ങൾ വരും. നിലവിലുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ വരും ദിവസങ്ങളിൽ (ജൂലൈ 17 വരെ) മാത്രമേ സമയം അനുവദിച്ചിട്ടുള്ളൂ.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

തങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ വിലവ്യതിയാനങ്ങൾ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ വരും ആഴ്ചകളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യത്തെ ഉപഭോക്താക്കൾ. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ, ഇതേ സാഹചര്യം ആഴ്ചകൾ കൂടി തുടർന്നാൽ മാത്രമേ ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാൻ സാധിക്കൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആഗോളതലത്തിൽ എണ്ണവില വീണ്ടും ഉയരുന്നതിനാൽ, ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറയുന്നതിനായി പൊതുജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അക്രമിക്കാനുള്ള ധൃതി, മുന്നറിയിപ്പ് അവഗണിച്ച കമാന്‍ഡര്‍മാര്‍, ഇറാനിലെ ആ സ്‌കൂള്‍ കുട്ടികളെ കൊന്നത് യുഎസ് സൈനിക വീഴ്ച
ഗള്‍ഫില്‍ വീണ്ടും ആക്രമണം, യുദ്ധഭീതി; കാരണക്കാര്‍ അമേരിക്കയെന്ന് ഇറാന്‍; കരാര്‍ അവസാനിച്ചെന്ന് ട്രംപ്,