ബ്രിട്ടീഷ് സർക്കാർ പ്രതിവർഷം നൽകുന്ന ​ഗ്രാന്റ് 1014.50 കോടി രൂപ, ചെലവ് താങ്ങുന്നില്ല, റോയൽ ട്രെയിൻ നിർത്തലാക്കാൻ ബ്രിട്ടീഷ് രാജകുടുംബം

Published : Jul 02, 2025, 01:00 AM IST
Royal train

Synopsis

2027 ന് ശേഷവും റോയൽ ട്രെയിൻ പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിന് ഭാരിച്ച ചെലവ് കാരണമാണ് ട്രെയിൻ ഡീകമ്മീഷൻ ചെയ്യാനുള്ള തീരുമാനത്തിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു.

ലണ്ടൻ: ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. ഉപയോഗത്തിന്റെയും പണത്തിന്റെ മൂല്യത്തിന്റെയും അവലോകനത്തിന് ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച പ്രഖ്യാപിച്ച ചെലവ് ലാഭിക്കൽ നടപടിയുടെ ഭാഗമായി ട്രെയിൻ നിർത്തലാക്കുകയാണെന്ന് അറിയിച്ചത്. 1842-ലാണ് ട്രെയിൻ ആരംഭിക്കുന്നത്. വിക്ടോറിയ രാജ്ഞി ഇംഗ്ലണ്ടിലെ സ്ലോയിൽ നിന്ന് ലണ്ടൻ പാഡിംഗ്ടൺ സ്റ്റേഷനിലേക്ക് പ്രത്യേകം നിർമ്മിച്ച ട്രെയിനിൽ യാത്ര ചെയ്തത് മുതലാണ് രാജകുടുംബത്തിന്റെ സ്വത്തായി മാറിയത്. സ്ലീപ്പിംഗ് ക്വാർട്ടേഴ്‌സും ഒരു ഓഫീസും ഉൾപ്പെടെ ഒമ്പത് വണ്ടികളുള്ള റോയൽ ട്രെയിൻ 1977-ൽ എലിസബത്ത് രാജ്ഞിയുടെ രജത ജൂബിലിക്കായി അവതരിപ്പിച്ചു.

എന്നാൽ റോയൽ ഹൗസ്‌ഹോൾഡിന്റെ വാർഷിക അക്കൗണ്ട്‌സ് റിപ്പോർട്ട് പ്രകാരം, ഫെബ്രുവരിയിൽ സ്റ്റാഫോർഡ്‌ഷെയറിലെ രാജാവിന്റെ സന്ദർശനത്തിന് 44,822 പൗണ്ട് (61,800 ഡോളർ) ചിലവായി. കഴിഞ്ഞ വർഷം ആഡംബര വാഹന നിർമ്മാതാക്കളായ ബെന്റ്‌ലിയുടെ ചെഷെയർ ആസ്ഥാനത്തേക്കുള്ള മറ്റൊരു യാത്രയ്ക്ക് 33,000 പൗണ്ട് (45,700 ഡോളർ) അധികം ചിലവായി. ഇംഗ്ലണ്ടിലെ വോൾവർട്ടണിലുള്ള സുരക്ഷിത കേന്ദ്രത്തിൽ റോയൽ ട്രെയിൻ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചിലവുകളുമുണ്ടാകുന്നു.

2027 ന് ശേഷവും റോയൽ ട്രെയിൻ പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിന് ഭാരിച്ച ചെലവ് കാരണമാണ് ട്രെയിൻ ഡീകമ്മീഷൻ ചെയ്യാനുള്ള തീരുമാനത്തിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, രണ്ട് ഹെലികോപ്റ്ററുകളാണ് ബദൽ മാർ​ഗമായി ഉപയോ​ഗിക്കുക. രാജകുടുംബം വർഷത്തിൽ 140-ലധികം ഹെലികോപ്റ്റർ യാത്രകൾ നടത്തുന്നു. ഒരു യാത്രക്ക് ശരാശരി 4600 ഡോളറാണ് ചെലവ്. ഈ വർഷം ബ്രിട്ടീഷ് സർക്കാറിൽ നിന്ന് രാജകുടുംബത്തിന് ലഭിച്ച വാർഷിക മൊത്തം തുക 86.3 മില്യൺ പൗണ്ട് (118.50 മില്യൺ ഡോളർ) ആയിരുന്നു.

സോവറിൻ ഗ്രാന്റ് എന്ന് വിളിക്കപ്പെടുന്ന ഈ തുക, രാജകൊട്ടാരങ്ങളുടെയും രാജകുടുംബങ്ങളുടെയും ഔദ്യോഗിക കർത്തവ്യങ്ങളുടെയും പരിപാലനത്തിനായി ചെലവഴിക്കുന്നു. ബ്രിട്ടീഷ് നികുതിദായകരുടെ പണമാണ് രാജകുടുംബത്തിന് നൽകുന്നത്. ​ഗ്രാന്റിന് പകരമായി, 1760 മുതൽ ആരംഭിച്ച ഒരു കരാറിൽ, ക്രൗൺ എസ്റ്റേറ്റിൽ നിന്നുള്ള എല്ലാ ലാഭവും രാജാവ് സർക്കാരിന് കൈമാറുന്നു. ഇതിൽ മധ്യ ലണ്ടൻ സ്വത്തിന്റെ വിശാലമായ ഭാഗങ്ങൾ, അസ്കോട്ട് റേസ്‌കോഴ്‌സ്, ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് ചുറ്റുമുള്ള കടൽത്തീരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

രാജാവിനും അവരുടെ പ്രതിനിധികൾക്കും വേണ്ടിയുള്ള ചെലവ് നികത്താനാണ് സോവറിൻ ഗ്രാന്റ് ഉപയോ​ഗിക്കുന്നത്. യാത്ര, ജീവനക്കാർ, ചരിത്രപരമായ സ്വത്തുക്കളുടെ പരിപാലനം എന്നിവയുൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നു. എന്നാൽ സുരക്ഷയ്ക്കുള്ള ധനസഹായം ഇതിൽ ഉൾപ്പെടുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം