
പത്ത് വർഷത്തിലധികമായി കേടാകാതെ നല്ല ഫ്രഷായി ഇരിക്കുന്ന ബർഗർ. കേൾക്കുമ്പോൾ അത്ഭുതവും അവിശ്വസനീയതയും തോന്നാം, അത്ഭുതപ്പെടേണ്ട, അങ്ങനെയൊരു ബർഗറുണ്ട്. പത്ത് വർഷമായി ഐസ് ലാൻഡിലെ സ്നോട്ര ഹൗസിന്റെ കണ്ണാടിക്കൂട്ടിലുണ്ട് ഈ ബർഗർ. 2009 ൽ ഐസ് ലാൻഡിലെ അവസാനത്തെ മക്ഡൊണാൾഡ് ഔട്ട്ലെറ്റും അടച്ചുപൂട്ടിയ സമയത്ത് ജോർതർ സ്മാർസൺ എന്നയാളാണ് ഈ ചീസ് ബർഗർ വാങ്ങിയത്. മക്ഡൊണാൾഡ്സിന്റെ ബർഗർ ദീർഘ നാൾ കേടുകൂടാതെ ഇരിക്കുമെന്ന കേട്ടറിവ് പരീക്ഷിച്ചു നോക്കുകയായിരുന്നു ജോർതറിന്റെ ലക്ഷ്യം.
അങ്ങനെ ബർഗറും അതിനൊപ്പം വാങ്ങിയ ഫ്രെഞ്ച് ഫ്രൈസും ജോർതർ മൂന്നു വർഷത്തോളം ഗാരേജിൽ സൂക്ഷിച്ചു. പിന്നീട് ജോർതർ വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ബർഗർ വാങ്ങി സൂക്ഷിച്ച കാര്യം തന്നെ മറന്നു. ഐസ് ലാൻഡിൽ നിന്ന് കോപൻ ഹേഗനിലേക്ക് താമസം മാറാൻ തീരുമാനിച്ച സമയത്ത് ജോർതർ മൂന്നു വർഷം മുമ്പ് വാങ്ങിച്ച ബർഗറിനടുത്തെത്തി. അപ്പോഴാണ് വാങ്ങിയ അന്നത്തെ അതേ ഫ്രെഷ്നെസ്സിൽ തന്നെ ബർഗർ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. താനൊരു ചരിത്രസംഭവത്തിന് കാരണക്കാരനായി എന്ന് തിരിച്ചറിഞ്ഞ ജോർതർ ഐസ് ലാൻഡിലെ നാഷണൽ മ്യൂസിയത്തിന് ബർഗർ കൈമാറി.
എന്നാൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഇല്ലാതിരുന്നതിനാൽ അവരത് തിരികെ നൽകി. പിന്നീടാണ് സ്നോട്ര ഹൗസിൽ ബർഗറെത്തിയത്. ഇപ്പോൾ സ്നോട്ര ഹൗസിന്റെ കണ്ണാടിക്കൂട്ടിൽ ഈ ചീസ് ബർഗർ സൂക്ഷിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ബർഗർ കാണാൻ ആളുകൾ എത്താറുണ്ടെന്ന് സ്നോട്ര ഹൗസിന്റെ അധികൃതർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam