
ജനീവ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പാക്കിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം പാസാക്കാൻ ആവശ്യമായ ഒൻപത് വോട്ടുകൾ ലഭിച്ചെങ്കിലും സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇതിനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഇറാനുമായുള്ള ഏറ്റുമുട്ടലിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ നീക്കം നടത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക ശക്തി ഉപയോഗിക്കാൻ അംഗരാജ്യങ്ങൾക്ക് അനുമതി നൽകുന്ന ആർട്ടിക്കിൾ ഏഴ് ഉൾപ്പെടുത്തിയാണ് പ്രമേയം ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാൽ റഷ്യയും ചൈനയും ഇതിനെ ശക്തമായി എതിർത്തതോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പ്രമേയത്തിന്‍റെ ഭാഷയിൽ മാറ്റം വരുത്തി. സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയ്ക്കായി പ്രതിരോധപരമായ രീതിയിൽ രാജ്യങ്ങൾ സഹകരിക്കണമെന്ന മിതമായ നിർദ്ദേശമാണ് ഒടുവിൽ വോട്ടിന് എടുത്തത്. സൈനിക നടപടി എന്ന കർശനമായ നീക്കത്തിൽ നിന്ന് വിട്ടുനിന്നിട്ടും റഷ്യയും ചൈനയും ഇതിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല.
റഷ്യയുടെയും ചൈനയുടെയും വിട്ടുനിൽക്കൽ ഉറപ്പാക്കി പ്രമേയം പാസാക്കാമെന്ന ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതീക്ഷകൾ ഇതോടെ അസ്തമിച്ചു. ഈ വീറ്റോയിലൂടെ തങ്ങൾ ഇറാന്‍റെ ശക്തരായ സഖ്യകക്ഷികളാണെന്ന് ഇരുരാജ്യങ്ങളും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രമേയത്തിൽ ഇറാനെതിരെയുള്ള പരാമർശങ്ങൾ അതിരൂക്ഷമാണെന്നാണ് റഷ്യയും ചൈനയും ആരോപിക്കുന്നത്. രക്ഷാസമിതിയിലെ ഈ ചേരിതിരിവ് പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam