
തായ്‌പേയ്: തായ്‌വാന് ചുറ്റും വീണ്ടും സൈനിക വിന്യാസം ശക്തമാക്കി ചൈന. ഇന്ന് രാവിലെ ആറ് മണിക്ക് 12 ചൈനീസ് സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും രണ്ട് ഔദ്യോഗിക കപ്പലുകളും തായ്‌വാന് സമീപം കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വിമാനങ്ങളിൽ 10 എണ്ണം തായ്‌വാൻ കടലിടുക്കിലെ അതിർത്തി രേഖയായ മീഡിയൻ ലൈൻ കടന്ന് തായ്‌വാന്റെ വടക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചു.
സ്ഥിതിഗതികൾ സായുധ സേന നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം 'എക്സി'ൽ പോസ്റ്റിലൂടെ അറിയിച്ചു. വ്യാഴാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 22 ചൈനീസ് വിമാനങ്ങളും ആറ് കപ്പലുകളുമാണ് തായ്‌വാന് സമീപമെത്തിയത്. ഇതിൽ 18 വിമാനങ്ങൾ മീഡിയൻ ലൈൻ കടന്നിരുന്നു.
ചൈനയുടെ ഒരു ഭാഗമാണ് തായ്‌വാൻ എന്നാണ് ബീജിംഗിന്റെ എക്കാലത്തെയും വാദം. എന്നാൽ തായ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. സ്വന്തമായി ഭരണകൂടവും സൈന്യവും സമ്പദ്‌വ്യവസ്ഥയുമുള്ള ഒരു സ്വതന്ത്ര രാജ്യം പോലെയാണ് തായ്‌വാൻ പ്രവർത്തിക്കുന്നത്. തായ്‌വാന്റെ ഈ നിലനിൽപ്പ് പരമാധികാരം, സ്വയം നിർണ്ണയാവകാശം തുടങ്ങിയ വിഷയങ്ങളിൽ വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
1683-ൽ ക്വിങ് രാജവംശം തായ്‌വാൻ പിടിച്ചടക്കിയതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. എന്നാൽ 1895-ൽ ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിൽ തോറ്റതോടെ ചൈനയ്ക്ക് തായ്‌വാൻ ജപ്പാന് വിട്ടുകൊടുക്കേണ്ടി വന്നു. അതോടെ 50 വർഷം തായ്‌വാൻ ഒരു ജപ്പാൻ കോളനിയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തോറ്റപ്പോൾ തായ്‌വാൻ വീണ്ടും ചൈനയുടെ നിയന്ത്രണത്തിലായി. എന്നാൽ ഈ അധികാര കൈമാറ്റം ഔദ്യോഗികമായിരുന്നില്ല.
1949-ൽ ചൈനയിൽ നടന്ന ആഭ്യന്തരയുദ്ധം കാര്യങ്ങൾ മാറ്റിമറിച്ചു. ചൈനയുടെ പ്രധാന ഭൂപ്രദേശം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ആയി മാറിയപ്പോൾ, മറുപക്ഷമായ റിപ്പബ്ലിക് ഓഫ് ചൈന തായ്‌വാനിലേക്ക് പിൻവാങ്ങി അവിടെ ഭരണം സ്ഥാപിച്ചു. ചൈന മുഴുവൻ ഭരിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ഇരു കൂട്ടരും വാദിച്ചു. അതുകൊണ്ട് തന്നെ, ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൈനയുമായി ഒരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യം പോലെയാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam