അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി സൗജന്യ യുഎഇ എൻട്രി വിസ വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. കുറഞ്ഞത് മൂന്ന് രാത്രി താമസം, റിട്ടേൺ ടിക്കറ്റ് തുടങ്ങിയ നിബന്ധനകൾ ബാധകമാണ്.

അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ ഓഫറുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 20,000 വിസകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ആർക്കൊക്കെ സൗജന്യ വിസ

ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഓഫറിന് യോഗ്യത നേടുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രികൾ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. പദ്ധതിയിൽ പങ്കാളികളായിട്ടുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ ആയിരിക്കണം പാക്കേജ് ബുക്ക് ചെയ്യേണ്ടത്.

വ്യക്തിഗതമായി അപേക്ഷിക്കുന്നവർക്ക് ഈ ഓഫർ ലഭിക്കില്ല. അംഗീകൃത ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്ക് മാത്രമാണ് ഇത് ബാധകം. ഇന്ത്യൻ സഞ്ചാരികൾക്ക് വരുന്ന എൻട്രി വിസ തുക പൂർണമായും അബുദാബി സംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് വഹിക്കുന്നത്. ട്രാവൽ ഏജൻസികൾക്ക് രണ്ട് രീതിയിൽ ഈ പദ്ധതിയുടെ ഭാഗമാകാം.

ഡിസിടി ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനി വഴി നേരിട്ട് വിസ ചെലവുകൾ ഡിസിടി വഹിക്കും. മറ്റ് ഡിഎംസി പങ്കാളികൾ വഴിയാണ് ചെയ്യുന്നതെങ്കിൽ, അനുവദിക്കുന്ന ഓരോ വിസയ്ക്കും 285 ദിർഹം വീതം ഡിസിടി തിരികെ നൽകും. ഇന്ത്യ അബുദാബിയുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര വിപണിയാണെന്നും, ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്നും ഡിസിടി അബുദാബി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അബ്ദുള്ള യൂസഫ് വ്യക്തമാക്കി.