
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തത്. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന നാല് സ്വദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണങ്ങൾക്കും നിയമപരമായ അനുമതികൾക്കും ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഈ നിർണായകമായ നീക്കം നടത്തിയത്.
പ്രതികളിലൊരാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ കഞ്ചാവ് തോട്ടം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വീടിനുള്ളിൽ കൃത്രിമ സാഹചര്യമൊരുക്കി വളർത്തിയ എഴുപതോളം കഞ്ചാവ് ചെടികളും വില്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ഒരു കിലോയോളം വരുന്ന ഉണങ്ങിയ കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലഹരിമരുന്ന് ശേഖരത്തിന് പുറമെ, പ്രതിയുടെ വീട്ടിൽ നിന്ന് ഒരു തോക്കും അതിലുപയോഗിക്കുന്ന വെടിയുണ്ടകളും കണ്ടെടുത്തതായും മന്ത്രാലയം വ്യക്തമാക്കി. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam