റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു പുതിയ ചരക്ക് റെയിൽ പാത നിർമ്മിക്കാനുള്ള പദ്ധതി ആലോചനയിൽ. ഹോർമൂസ് പോലുള്ള സംഘർഷ മേഖലകൾ ഒഴിവാക്കി ക്രൂഡ് ഓയിൽ വ്യാപാരം സുഗമമാക്കുകയാണ് ഈ നിർദ്ദേശത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇത് ഒരു ആശയം മാത്രമാണെങ്കിലും, റഷ്യ-ഇന്ത്യ വ്യാപാരത്തിൽ ഒരു പുതിയ കര ഇടനാഴിയുടെ സാധ്യത തുറക്കുന്നു.

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ചരക്ക് വ്യാപാരത്തിനായി ഒരു റെയിൽ പാത ആലോചനയില്‍. റഷ്യയാണ് ഇത്തരത്തിലൊരു പാതയുടെ സാധ്യതകള്‍ തേടുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വ്യാപാര പാത. ലക്ഷ്യം എന്താണ്. മുഹമ്മദ് ഇമ്രാൻ പറഞ്ഞു തരും. ഹോർമൂസിലെയും തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധ സാഹചര്യവും സുരക്ഷ ഭീഷണിയും ഒഴിവാക്കി വ്യാപാരം സുഖമമാക്കാൻ ഒരു പുതിയ പാത വേണം. അതിനുള്ള സാധ്യതകൾ റഷ്യ ഇപ്പോൾ പരിശോധിക്കുകയാണ്. ഒരു അഭിമുഖത്തിൽ റഷ്യൻ ഉപ പ്രധാനമന്ത്രി മരറ്റ് ഖുസ്നലിൻ പറഞ്ഞ ഈ വാക്കുകളാണ് പുതിയ റെയിൽ പാതയെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്.

YouTube video player

തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെയാണ് പാത കടന്നുപോകുക. വ്യാപാരം എന്ന് പറയുമ്പോൾ റഷ്യ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രൂഡ് ഓയിൽ വിൽപനയാണ്. പാത നിലവിൽ വന്നാൽ യുദ്ധ ഭീഷണി ഉണ്ടായാലും ഊർജമേഖലയില്‍ പ്രതിസന്ധിയിലാകില്ല. നിലവിൽ ഹോർമൂസ് അടച്ചപ്പോൾ തന്നെ ലോകത്ത് എണ്ണ വ്യാപാരത്തിൽ 25 ശതമാനവും എൽഎൻജി വ്യാപാരത്തിൽ 20 ശതമാനവും കുറവ് വന്നിരുന്നു. ഇത്തരത്തിലുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുകയാണ് പുതിയ പാതയുടെ ലക്ഷ്യം. എന്നാൽ ഇത് ഇപ്പോൾ ഒരു നിർദ്ദേശം മാത്രമായാണ് ഉയർന്നിരിക്കുന്നത്. എത്ര കിലോമീറ്ററാണ് റെയിൽപാതയെന്നും നിർമാണത്തിന്റെ ചെലവ് രാജ്യങ്ങൾ പങ്കിടുമോയെന്നും എന്നത്തേക്ക് കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നു തുടങ്ങിയ കാര്യങ്ങളിൽ ഒന്നും തീരുമാനമായിട്ടില്ല. എങ്കിലും റഷ്യ-ഇന്ത്യ വ്യാപാരബന്ധത്തിൽ പുതിയൊരു കര ഇടനാഴി തുറക്കുമോ എന്നതിലാണ് ആകാംക്ഷ.