ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; പക്ഷേ ഇറാൻ ജനതയ്ക്കായി പേർഷ്യൻ ഭാഷയിൽ സിഐഎയുടെ നിർണായക സന്ദേശം

Published : Feb 25, 2026, 12:42 PM IST
iran protests

Synopsis

അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ അടുത്തെത്തിയെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, കരാർ നടന്നില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ട് സിഐഎ പേർഷ്യൻ ഭാഷയിൽ പോസ്റ്റിട്ടു

വാഷിങ്ടണ്‍: അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. മറ്റന്നാൾ ഇറാൻ - അമേരിക്ക മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രതികരണം. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കരാർ നടപ്പിലായില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ട് പേർഷ്യൻ ഭാഷയിൽ അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയായ സി ഐ എ ഇട്ട പോസ്റ്റ് വൻ ചർച്ചയായി. തങ്ങളെ ബന്ധപ്പെടാനുള്ള വഴികളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. വിവിധ സാഹചര്യങ്ങളെ നേരിടുന്നതിൽ അമേരിക്ക - ഇസ്രയേൽ സൈനിക മേധാവിമാർ ചർച്ച നടത്തി.

ചൊവ്വാഴ്ചയാണ് വിവര ദാതാക്കൾക്ക് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി സഹായം വാഗ്ദാനം ചെയ്തത്. ട്രംപ് ഇറാനിൽ സൈനിക ആക്രമണത്തിന് പദ്ധതിയിട്ടാൽ യുഎസ് ചാര ഏജൻസിയെ സുരക്ഷിതമായി ബന്ധപ്പെടാനുള്ള വഴിയെ കുറിച്ചാണ് പേർഷ്യൻ ഭാഷയിൽ നിർദേശങ്ങൾ നൽകിയത്- "ഹലോ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി നിങ്ങളെ കേൾക്കാനും സഹായിക്കാനും ആഗ്രഹിക്കുന്നു. ഞങ്ങളുമായി സുരക്ഷിതമായ വെർച്വൽ കോൾ എങ്ങനെ നടത്താൻ ചില ടിപ്പുകൾ ഇതാ" എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്റ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ കണ്ടു. അതിനിടെ ഇറാനിലെ ആഭ്യന്തര സംഘർഷം തുടരുകയാണ്. ടെഹ്‌റാനിലെ സർവകലാശാലകളിൽ വിദ്യാർത്ഥികൾ സർക്കാർ വിരുദ്ധ പ്രതിഷേധ പ്രകടനം നടത്തി.

ഇറാൻ - അമേരിക്ക മൂന്നാം വട്ട ചർച്ചയാണ് ജനീവയിൽ നടക്കാനിരിക്കുന്നത്. രണ്ടാം വട്ട ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് രണ്ടാം വട്ട ചർച്ചകൾ നടന്നത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെടുന്നത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്.

പെന്‍റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇറാനുമായി സംഘർഷത്തിലേക്ക് പോകരുതെന്ന് ട്രംപിനെ ഉപദേശിച്ചതായി വാൾ സ്ട്രീറ്റ് ജേണലടക്കം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിനോട് എറ്റവും അടുപ്പമുള്ള സ്റ്റീവ് വിറ്റ്കോഫും, ജാറെഡ് കുഷ്നറും ഇറാൻ പ്രശ്നത്തിൽ സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്ന പക്ഷക്കാരാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇതെല്ലാം ട്രംപ് തള്ളിക്കളഞ്ഞു. അന്തിമ തീരുമാനം തന്റേതാണെന്നും, ധാരണയാക്കാനാണ് തനിക്കും ഇഷ്ടമെങ്കിലും ഒത്തുതീർപ്പിന് ഇറാൻ തയ്യാറായില്ലെങ്കിൽ അവിടുത്തെ ജനതയ്ക്കടക്കം മോശം ദിനമാണ് കാത്തിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
വിളക്കുകാലുകളിൽ മൃതദേഹങ്ങൾ, തലയില്ലാത്ത ശരീരം; എൽ മെൻചോയുടെ കൊലപാതകം, മെക്സിക്കോയിൽ കലാപം അഴിച്ച് വിട്ട് ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടൽ