
കൊച്ചി: കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി മുതൽ നേരിട്ട് പറന്നിറങ്ങാം. വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളാകുകയാണ്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുകയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
മന്ത്രി പി രാജീവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളാകുകയാണ്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് (VIETJET) ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുക.
നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്. ആഴ്ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സർവീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സർവീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ വിയറ്റ്നാമിലേക്കുള്ള പുതിയ സർവീസിന് സാധിക്കും. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാൻ പുതിയ സർവീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമിലെ മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.
2022-23 സാമ്പത്തിക വർഷത്തിൽ 89.82 ലക്ഷം യാത്രക്കാർ സിയാലിന്റെ സേവനങ്ങൾ ഉപയോഗിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്തുള്ള കൊച്ചി വിമാനത്താവളം കേരളത്തിന്റെ അഭിമാനമായി വളർന്നുകൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam