
വാഷിംഗ്ടൺ: ക്യൂബയ്ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ ലാറ്റിൻ അമേരിക്കൻ മേഖലയിൽ രാഷ്ട്രീയ സംഘർഷം മുറുകുന്നു. വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അന്ത്യശാസനം.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ ക്യൂബയുമായി ബന്ധപ്പെട്ട തന്റെ കൃത്യമായ പദ്ധതി എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന തന്ത്രമാണ് ട്രംപ് രണ്ടാം വട്ടവും അധികാരത്തിലെത്തിയപ്പോൾ പുറത്തെടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
തിരിച്ചടിച്ച് ക്യൂബൻ പ്രസിഡന്റ്
ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തി. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. "മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ ഒഴുക്കാൻ ക്യൂബൻ ജനത തയ്യാറാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹവാന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam