
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോൺ മസ്‌ക് ചരിത്രത്തിൽ 50000 കോടി യു എസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി മാറി. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, മസ്‌കിന്റെ മൊത്തം ആസ്തി 50010 കോടി ഡോളറാണ്. ടെസ്‌ലയുടെ ഓഹരി വിലയിലെ കുതിപ്പും സ്‌പേസ് എക്‌സിന്റെ മൂല്യവർധനയുമാണ് മസ്‌കിന്റെ സമ്പത്ത് ഈ അഭൂതപൂർവമായ തലത്തിലെത്തിച്ചത്. ഈ നേട്ടത്തോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം മസ്‌ക് കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്. ഇലോൺ മസ്‌കിന്റെ സമ്പത്ത് വർധനവിന് പിന്നിൽ അദ്ദേഹത്തിന്റെ നൂതനമായ സംരംഭങ്ങളും അവയുടെ ആഗോള പ്രതിഫലനവുമാണ്.
ടെസ്‌ല, ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിട്ട് നിൽക്കുന്നതിനൊപ്പം, സ്‌പേസ് എക്‌സ് ബഹിരാകാശ യാത്രയിലും ഉപഗ്രഹ സേവനങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്നതും മസ്കിന് ഗുണമാണ്. എക്‌സ് കോർപ്പറേഷന്റെ വളർച്ചയും മസ്‌കിന്റെ സാമ്പത്തിക നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ നേട്ടം, സാങ്കേതിക വിദ്യയും സംരംഭകത്വവും ലോക സമ്പദ്‌വ്യവസ്ഥയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ തെളിവാണ്.
ടെക് മേഖലയിലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മസ്കിന്റെ കുതിപ്പ്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ഒറാക്കിൾ സ്ഥാപകൻ ലാറി എലിസണാണ് ലോകത്തെ രണ്ടാമത്തെ സമ്പന്നൻ. 350 ബില്യൺ ഡോളറാണ് എലിസന്റെ ആസ്തി. ഇതിനേക്കാൾ 150 ബില്യൺ ഡോളർ ആസ്തിയുണ്ട് മസ്കിന്. ടെസ്‍ലയിലെ ഓഹരികളാണ് മസ്കിന്റെ സമ്പത്തിന്റെ ഭാരിഭാഗവും. ടെസ്ലയുടെ 191 ബില്യൺ ഡോളർ മൂല്യമുള്ള 12 ശതമാനം ഓഹരികളാണ് മസ്കിനുള്ളത്. ടെസ്‍ലയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ് എ ഐ, റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ് എന്നിവയുടെ മൂല്യം കഴിഞ്ഞ മാസങ്ങളിൽ കുതിച്ചുയർന്നിരുന്നു. സ്പേസ് എക്സിൽ 168 ബില്യൺ ഡോളർ മൂല്യമുള്ള 42 ശതമാനം ഷെയറും എക്സ് എ ഐയിൽ 60 ബില്യൺ ഡോളർ മൂല്യമുള്ള 53 ശതമാനം ഷെയറുകളുമാണ് മസ്കിനുള്ളത്.
രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്നതോടെയാണ് മസ്കിന്റെ കമ്പനികൾ കൂടുതൽ നേട്ടമുണ്ടാക്കിയതെന്നാണ് വ്യക്തമാകുന്നത്. ട്രംപ് ഭരണകൂടവുമായി ചേർന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെട്ട് പ്രവർത്തിച്ചതിന്റെ പേരിൽ മസ്ക് വിമർശനങ്ങൾ നേരിട്ടിരുന്നു. രാഷ്ട്രീയത്തിൽനിന്നും മാറി വീണ്ടും ബിസിനസിലേക്ക് മുഴുവൻ ശ്രദ്ധയും പതിപ്പിച്ചതോടെയാണ് മസ്കിനെ വിശ്വസിച്ച് കൂടുതൽ ഇൻവെസ്റ്റ്മെന്റുകൾ എത്തിയത്. ടെസ്‍ലയുടെ ഒരു ബില്യൺ ഡോളറിന്റെ ഷെയറുകൾക്കൂടി സ്വന്തമാക്കുമെന്ന് കഴിഞ്ഞ മാസം മസ്ക് അറിയിച്ചിരുന്നു. ഇതും ഇൻവെസ്റ്റർമാർക്കിടയിൽ വിശ്വാസ്യത വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 14 ശതമാനം വളർച്ചയാണ് ടെസ്‍ല കൈവരിച്ചത്. ബുധനാഴ്ച മാത്രം 4 ശതമാനം നേട്ടമുണ്ടാക്കി. ഇതോടെ 9.3 ബില്യൺ ഡോളർ മസ്കിന്റെ ആസ്തിയിൽ കൂട്ടിച്ചേർക്കപ്പെട്ടു. ചൈനയുടെ ബി വൈ ഡി പോലെയുള്ള എതിരാളികളായ കാർ നിർമ്മാതാക്കളിൽ നിന്ന് ടെസ്‍ല വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. എ ഐ, റോബോട്ടിക് ബിസിനസിലേക്ക് മാറാനുള്ള നീക്കങ്ങളിലാണ് മസ്കും കമ്പനിയും ഇപ്പോൾ.