എബോള വൈറസ് വ്യാപനം; യാത്രക്കാർക്ക് അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ച് എയർലൈൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എമിറേറ്റ്സ്

Published : May 29, 2026, 04:42 PM IST
Emirates

Synopsis

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻ യാത്രക്കാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് റീബുക്കിംഗ് സൗകര്യവും ടിക്കറ്റ് തീയതി മാറ്റാനുള്ള ആനുകൂല്യവും എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.  

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. നിരവധി രാജ്യങ്ങൾ അതിർത്തികളിൽ പരിശോധനയും കടുത്ത യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യാത്ര പുറപ്പെടുന്നതിന് മുൻപായി അതാത് രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ വഴി വിസ, പ്രവേശന നിയമങ്ങൾ എന്നിവ പരിശോധിച്ച് കൃത്യത വരുത്തണമെന്ന് എമിറേറ്റ്‌സ് യാത്രക്കാരോട് ആവശ്യപ്പെട്ടു.

യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവിവരം എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് പരിശോധിക്കണം. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് ദുബായ് വഴിയുള്ള തുടർന്നുള്ള കണക്റ്റിങ് ഫ്ലൈറ്റുകൾ ഉൾപ്പെടെ അടുത്ത ലഭ്യമായ വിമാനങ്ങളിൽ റീബുക്ക് ചെയ്യാൻ എമിറേറ്റ്‌സ് സൗകര്യം ഒരുക്കും. കൂടാതെ, ടിക്കറ്റ് കാലാവധിക്കും നിരക്കിലെ വ്യത്യാസങ്ങൾക്കും വിധേയമായി യാത്രക്കാർക്ക് ടിക്കറ്റ് തീയതി സൗജന്യമായി ഒരു തവണ മാറ്റാനുള്ള പ്രത്യേക ആനുകൂല്യവും എമിറേറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

എബോള വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ യാത്രക്കാർക്ക് ബഹ്‌റൈൻ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. പൊതുജനാരോഗ്യം മുൻനിർത്തി ഇത്തരമൊരു മുൻകരുതൽ യാത്രാ വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ. സമാനമായി ജോർദാനും കോംഗോ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

എബോളയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് രാജ്യത്തെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ആശങ്കയോടെ ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് പകുതിയോടെ പടർന്നുപിടിച്ച എബോള ബാധയെ തുടർന്ന് ഇതുവരെ ആയിരത്തിലധികം പേർക്ക് രോഗബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 10 പേരുടെ മരണം സ്ഥിരീകരിക്കുകയും 223 മരണങ്ങൾ എബോള മൂലമാണെന്ന് സംശയിക്കുകയും ചെയ്യുന്നു.

നിലവിൽ പടരുന്നത് എബോളയുടെ 'ബുണ്ടിബുഗ്യോ'എന്ന അപകടകരമായ വകഭേദമാണ്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്‌സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പതിറ്റാണ്ടുകളായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന കിഴക്കൻ കോംഗോയിലാണ് രോഗവ്യാപനം കൂടുതൽ എന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ലോകാരോഗ്യ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താനും പ്രതിരോധ സംഘത്തിന് പിന്തുണ നൽകാനുമായി അദ്ദേഹം കോംഗോ സന്ദർശിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തിന്‍റെ ഫ്ലാറ്റിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
അമേരിക്കയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ചോർന്ന് വൻ പൊട്ടിത്തെറി, ഫ്ലാറ്റ് കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്