സുഹൃത്തിന്‍റെ ഫ്ലാറ്റിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. വെന്‍റിലേഷൻ ഷാഫ്റ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയപ്പോൾ മോഷ്ടിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവും അടങ്ങിയ ബാഗും സമീപത്തുണ്ടായിരുന്നു.  

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ സുഹൃത്തിന്‍റെ ആഡംബര ഫ്ലാറ്റിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കെയ്‌റോയിലെ ഒരു പാർപ്പിട സമുച്ചയത്തിന്റെ ഒമ്പതാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്. കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിനുള്ളിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ കൈബാഗും പൊലീസ് കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗന്ദര്യവർദ്ധക മേഖലയിൽ ജോലി ചെയ്തിരുന്ന 39-കാരിയായ ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ചത്. ഒമ്പതാം നിലയിൽ നിന്ന് നേരെ താഴേക്ക് പതിച്ച ഇവർ സംഭവസ്ഥലത്തുതന്നെ തൽക്ഷണം മരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ ഷാഫ്റ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കവർച്ചാ ശ്രമത്തിനിടയിലെ അപകടത്തിന്റെ ദുരൂഹത ചുരുളഴിഞ്ഞത്.

പൊലീസ് വ്യക്തമാക്കുന്ന വിവരങ്ങൾ അനുസരിച്ച് യമനി വംശജയായ ഒരു അമേരിക്കൻ വനിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു മോഷണം നടന്ന ഫ്ലാറ്റ്. ഫ്ലാറ്റ് ഉടമയും മരിച്ച യുവതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. സുഹൃത്ത് ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയം മുൻകൂട്ടി അറിഞ്ഞ് യുവതി ഇവിടെ കവർച്ചയ്ക്കായി ആസൂത്രണം ചെയ്യുകയായിരുന്നു.

ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ, വിദേശ കറൻസികൾ, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം യുവതി മോഷ്ടിച്ച് ബാഗിലാക്കി. തുടർന്ന് ഇവയുമായി ഫ്ലാറ്റിന്റെ ജനലിലൂടെ അതീവ രഹസ്യമായി പുറത്തുകടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ഒമ്പതാം നിലയിൽ നിന്നും താഴേക്ക് പതിക്കുകയുമായിരുന്നു. മോഷ്ടിച്ച ബാഗിലുള്ള സാധനങ്ങൾക്ക് വിപണിയിൽ ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.