അമേരിക്കയിലെ ടെക്‌സസിലുള്ള ഡാളസിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ കെട്ടിടം പൂർണ്ണമായും തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡാളസിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വാതകം ചോർന്ന വിവരം അറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഫ്ലാറ്റ് കെട്ടിടത്തിന് അടുത്ത് നടന്ന നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തെ തുടർന്ന് രണ്ട് നിലകളുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയം പൂർണ്ണമായും തകർന്നു. വൻതോതിൽ തീ പടർന്നു. കിലോമീറ്ററുകൾ അകലെയുള്ള വീടുകൾ വരെ സ്ഫോടനത്തിന്റെ ആഘാതത്തിൽ കുലുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. 120-ഓളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ഡ്രോണുകളും പ്രത്യേക സെർച്ച് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.
സുരക്ഷ മുൻനിർത്തി സമീപത്തെ മറ്റ് കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. ഗ്യാസ് വിതരണ കമ്പനിയായ 'അറ്റ്‌മോസ് എനർജി' പ്രദേശത്തെ വാതക ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവസ്ഥലത്തേക്ക് പ്രത്യേക സംഘത്തെ അയച്ചു. ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.


