
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയ ജെഫ്രി എപ്സ്റ്റീൻ വിദേശ വനിതകളെ അമേരിക്കയിൽ നിർത്താൻ സ്റ്റൂഡന്റ് വിസ, ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകൾ, വ്യാജ വിവാഹങ്ങൾ എന്നീ മാർഗങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തൽ. അമേരിക്കൻ നീതിന്യായ വകുപ്പ് ആണ് ഇത് സംബന്ധിച്ച തെളിവുകളും രേഖകളും പുറത്ത് വിട്ടിരിക്കുന്നത്. എപ്സ്റ്റീന്റെ ഇ- മെയിലിൽ ഇത് സംബന്ധിച്ച നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്നത്. മെസേജുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയിലും ഇത് സംബന്ധിച്ച തെളിവുകളുണ്ട്. ഇതിലെ പ്രധാന കേസാണ് എപ്സ്റ്റീന്റെ പെൺസുഹൃത്ത് കരീന ഷുലിയാക്കിന്റേത്. ഇവരായിരുന്നു എപ്സ്റ്റീന്റെ അവസാനത്തെ കാമുകിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
2012–13 കാലഘട്ടത്തിൽ വിസ പ്രശ്നങ്ങൾ നേരിട്ട ഷുലിയാക്കിനായി എപ്സ്റ്റീൻ തന്റെ സ്വാധീനവലയം ഉപയോഗിച്ച് ഇമിഗ്രേഷൻ സഹായം തേടിയിരുന്നു. ഈ ശ്രമങ്ങളിൽ വൈറ്റ് ഹൗസ് മുൻ നിയമോപദേശകനും സ്കാഡൻ ആർപ്‌സ് ലോ ഫർമിലെ പങ്കാളിയുമായിരുന്ന ഗ്രെഗ് ക്രെയ്ഗ്, യുഎസ് ഇമിഗ്രേഷൻ മേധാവിയായിരുന്ന അലെക്സാണ്ട്രോ മയോർക്കസ് എന്നിവരുടെ പേരുകൾ ഇമെയിൽ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അലെക്സാണ്ട്രോ മയോർക്കാസിന് ഈ കേസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്താനുമായിട്ടില്ല.
വിദ്യാർത്ഥി വിസ കാലാവധി കഴിഞ്ഞതോടെ ഷുലിയാക്ക് ഒടുവിൽ ഒരു അമേരിക്കൻ പൗരനുമായി വിവാഹം കഴിക്കുകയും ഗ്രീൻ കാർഡും പിന്നീട് പൗരത്വവും നേടുകയും ചെയ്തു. പൗരത്വം ലഭിച്ച ശേഷം അവർ വിവാഹമോചനം നേടി. ഇതിന് മുൻപേ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡെന്റൽ സ്കൂളിലേക്കുള്ള പ്രവേശനവും എപ്സ്റ്റീൻ ഇടപെട്ട് സാധ്യമാക്കിയതായാണ് രേഖകൾ.
ഇത് കൂടാതെ, ഇംഗ്ലീഷ് ഭാഷാ സ്ഥാപനങ്ങളിൽ യുവതികളെ ചേർത്ത് ഐ-20 രേഖകൾ സംഘടിപ്പിക്കുക, TOEFL പരിശീലന സാമഗ്രികൾ ഒരുക്കുക, O-1 പോലുള്ള പ്രത്യേക വർക്ക് വിസകൾക്ക് അപേക്ഷ നൽകുക എന്നിവയെല്ലാം എപ്സ്റ്റീന്റെ നെറ്റ്‌വർക്കിലൂടെ നടപ്പാക്കിയിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. തനിക്ക് പരിചയമുള്ളതും, എന്തെങ്കിലും തരത്തിൽ അടുപ്പമുള്ളതുമായ സ്ത്രീകളെ അമേരിക്കയിൽ തന്നെ നിലനിർത്താൻ ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്തിരുന്ന എപ്സ്റ്റീന്റെ രീതികൾ ഇപ്പോൾ വീണ്ടും ഗൗരവമായ ചർച്ചയാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam