
തിരുവനന്തപുരം: തിരുവവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത യുകെ യുദ്ധവിമാനം എഫ്35ന്‍റെ യന്ത്രതകരാര്‍ ഇനിയും പരിഹരിക്കാനായില്ല. തിരുവനന്തപുരത്തെത്തിയ യുകെ വ്യോമസേനയിലെ വിദഗ്ധര്‍ക്കും തകരാർ ശരിയാക്കാനായില്ല. ഇതേ തുടർന്ന് അറ്റകുറ്റപ്പണി നടത്താന്‍ വിപുലമായ സംഘം യുകെയിൽ നിന്ന് എത്തിയേക്കും. യന്ത്രതകരാർ പരിഹരിക്കാനായില്ലെങ്കിൽ വലിയ സൈനിക വിമാനത്തില്‍ എഫ്35നെ തിരികെ കൊണ്ടുപോകാനും സാധ്യതയുണ്ട്.
അഞ്ചു ദിവസം മുമ്പാണ് യുദ്ധവിമാനം തിരുവന്തപുരത്ത് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. തകരാർ പരിഹരിച്ച് മടങ്ങാനാവാതെ വന്നതോടെ എഫ്-35ന് തങ്ങളുടെ ഹാങ്ങറിൽ സ്ഥലം നൽകാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നിരസിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചത്. ബ്രിട്ടീഷ് നാവികസേനയുടെ അഭ്യർഥന പ്രകാരം ഹാംഗറിനുള്ളിലേക്ക് വിമാനത്തെ മാറ്റില്ലെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 14നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എഫ്-35 അപ്രതീക്ഷിത ലാൻഡിംഗ് നടത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ നിലവിൽ വിന്യസിച്ചിരിക്കുന്ന യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം. കാരിയർ ഗ്രൂപ്പ് അടുത്തിടെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത സമുദ്ര അഭ്യാസങ്ങൾ നടത്തിയിരുന്നു.