
ഹെൽസിങ്കി: ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 18കാരനായ മണിദീപ് റെഡ്ഡിയുടെ മൃതദേഹം കടലിൽ നിന്നാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ മെയ് മാസം മുതൽ വിദ്യാർത്ഥിയെ കാണാതായിരുന്നു. ലപ്പീൻറാന്ത-ലഹ്തി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ സോഫ്റ്റ്‍വെയർ ആൻ്റ് സിസ്റ്റംസിൽ എഞ്ചിനീയറിങ് കോഴ്സ് ചെയ്തുവരികയായിരുന്നു മണിദീപ് റെഡ്ഡി. വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
മെയ് അഞ്ചിന് ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലെ സൂപ്പർമാർക്കറ്റിൽ വെച്ചാണ് മണിദീപിനെ അവസാനമായി കാണുന്നത്. ലഹ്തിയിൽനിന്ന് ട്രെയിൻ മാർഗം വൈകുന്നേരം അഞ്ചുമണിയോടെ ഹെൽസിങ്കിയിൽ എത്തിയ വിദ്യാർത്ഥിയെ വൈകുന്നേരം എട്ടുമണിയോടെ ക്രുനുവുറെൻ്റയിലെ കെ-മാർക്കറ്റിൽ വെച്ചാണ് അവസാനമായി കണ്ടത്. പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.
ജൂലൈ ഒൻപതിന് അധികൃതർ നടത്തിയ തെരച്ചിലിനിടെ കടലിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ ഐഡൻ്റിറ്റി കാർഡ് ഉൾപ്പെടുന്ന വാലറ്റ്, അമ്മയുടെ ബാങ്ക് കാർഡ്, ഇന്ത്യൻ നോട്ടുകൾ എന്നിവ മൃതദേഹത്തിൽനിന്ന് കണ്ടെടുത്തതോടെ ആണ് മരിച്ചത് ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സംഭവം നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷിച്ചു വരികയാണെന്നും കേസിൽ കുറ്റകൃത്യം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം മണിദീപ് റെഡ്ഡിയുടെ മരണത്തിന് പിന്നിലെ വസ്തുകൾ സർക്കാർ മനപൂർവം മറച്ചുവെക്കുകയാണെന്നും സ്വാഭാവിക മരണമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായും കുടുംബത്തിൻ്റെ അഭിഭാഷകൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. തങ്ങൾക്ക് പല സംശയങ്ങളുണ്ടെന്നും വിദ്യാർത്ഥിയുടേത് സ്വാഭാവിക മരണമല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിയെ കാണാതായതിനെ തുടർന്ന് കേസെടുത്ത ഫിൻലൻഡ് പൊലീസ് ആദ്യഘട്ടത്തിൽ കുടുംബത്തെ വിവരങ്ങൾ അറിയിച്ചിരുന്നതായും മെയ് 29ന് ശേഷം കുടുംബവുമായുള്ള ആശയവിനിമയം നിർത്തിയതായും അഭിഭാഷകൻ പറഞ്ഞു. വിദ്യാർത്ഥിയുടെ തിരോധാനത്തിൽ കഴിഞ്ഞ മാസം കുടുംബം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹെൽസിങ്കി സിറ്റി സെൻ്ററിലെ ബർഗർ ഔട്ട്ലെറ്റിൽ വിദ്യാർത്ഥി എത്തി ഭക്ഷണം വാങ്ങുന്ന ദൃശ്യങ്ങളടക്കം അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. മെയ് ഒൻപത്, പത്ത് തീയതികളിൽ വിദ്യാർത്ഥി യൂണിവേഴ്സിറ്റി അക്കൗണ്ടിൽ ലോഗിൻ ചെയ്തിരുന്നതായി അധികൃതർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കാണാതാകുന്നതിന് മുൻപ് മണിദീപ് റെഡ്ഡി മാതാവിനെ വിളിച്ച് 6,000 രൂപ അക്കൗണ്ടിലേക്ക് ഇടാൻ ആവശ്യപ്പെട്ടിരുന്നതായി കുടുംബം അറിയിച്ചു. മകനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഫിൻലൻഡിൽ എത്താൻ ശ്രമം നടത്തിയെങ്കിലും വിസ നിരസിച്ചതായി അഭിഭാഷകൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam