രാജവെമ്പാലയും മൂർഖനും ഉൾപ്പെടെയുള്ള പാമ്പുകൾ ജനവാസ മേഖലകളിലെത്തിയതോടെ നിരവധി പേർക്ക് പാമ്പുകടിയേറ്റു. ഇതേത്തുടർന്ന് അധികൃതർ അടിയന്തര മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബീജിങ്: ദക്ഷിണ ചൈനയിൽ വീശിയടിച്ച മൈസാക്ക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടുത്ത പ്രളയത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്ന് രാജവെമ്പാലയും മൂര്‍ഖനും ഉൾപ്പെടെ നൂറുകണക്കിന് വിഷപ്പാമ്പുകൾ കൂട്ടത്തോടെ പുറത്തുചാടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് കൊടുങ്കാറ്റും പ്രളയവും തുടരുന്നതിനിടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തിയത്. കണക്കുകൾ പ്രകാരം ഈ പ്രദേശത്ത് മാത്രം ആയിരത്തിലധികം പാമ്പുകൾ ഫാമിൽ നിന്ന് പുറത്തുചാടിയെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തുള്ള ഹെങ്‌ഷൗവിലെ പാമ്പ് വളർത്തൽ കേന്ദ്രങ്ങളിലാണ് മൈസാക്ക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയജലം ഇരച്ചുകയറിയത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഫാമുകൾ തകരുകയും നൂറുകണക്കിന് പാമ്പുകൾ ഒന്നിച്ച് പുറത്തുചാടുകയുമായിരുന്നു. ചെളിനിറഞ്ഞ പ്രളയജലത്തിൽ നിന്നും തലപൊക്കി നിൽക്കുന്ന മൂർഖൻ പാമ്പിന്റെയും, നെറ്റുകൾ ഉപയോഗിച്ച് നാട്ടുകാർ പാമ്പുകളെ പിടികൂടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫാമുകളിൽ നിന്നും പുറത്തുചാടിയവയിൽ വാട്ടർ സ്നേക്ക്സ്, കിങ് റാറ്റ്‌സ്നേക്ക്സ് എന്നിവയ്ക്ക് പുറമെ അതീവ മാരക വിഷമുള്ള രാജവെമ്പാലയും മൂര്‍ഖനും അടക്കമുള്ള ുാമ്പുകളും ഉൾപ്പെടുന്നു.

ചുഴലിക്കാറ്റും പ്രളയവും ബാധിച്ച പ്രദേശങ്ങളിൽ നിരവധി ഗ്രാമീണർക്കാണ് പാമ്പുകടിയേറ്റത്. തന്റെ വീടിന്റെ താഴത്തെ നിലയിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനിടയിൽ ചൊവ്വാഴ്ച പകൽ ഒരു മണിയോടെയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റതെന്ന് പ്രദേശവാസിയായ ഒരാൾ വ്യക്തമാക്കി. പാമ്പുകടിയേറ്റ ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തു. ഗ്വാങ്‌സിയിൽ രണ്ട് റിസർവോയറുകൾ തകർന്നതിനെത്തുടർന്ന് നിരവധി നഗരങ്ങളും ഗ്രാമങ്ങളും പൂർണ്ണമായി വെള്ളത്തിനടിയിലാണ്. ഇവിടെ ആറ് പേർ മരണപ്പെടുകയും 50,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും പെട്ട് ആകെ മരണസംഖ്യ 38 ആയി ഉയർന്നു. ഗാൻസു പ്രവിശ്യയിലെ മണ്ണിടിച്ചിലിൽ 21 പേരും, ഹുബൈ പ്രവിശ്യയിലെ ചുഴലിക്കാറ്റിലും ഇടിമിന്നലിലും 11 പേരും മരണപ്പെട്ടു.

അടിയന്തര മുൻകരുതൽ നിർദ്ദേശങ്ങൾ

ഹെങ്‌ഷൗ മീഡിയ കൺവേർജൻസ് സെന്റർ പാമ്പുകടിക്കെതിരെയുള്ള അടിയന്തര മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോബ്ര, വെള്ളിക്കെട്ടൻ, ഗ്രീൻ പിറ്റ് വൈപ്പർ (അണലി വർഗ്ഗം) തുടങ്ങിയ വിഷപ്പാമ്പുകളാണ് പ്രളയജലത്തിൽ ഒഴുക്കിപ്പോയിട്ടുള്ളത്. ഇവ വീടുകൾ, കോണിപ്പടികൾ, കെട്ടിടങ്ങളുടെ മൂലകൾ, നദീതീരങ്ങൾ എന്നിവടങ്ങളിൽ അഭയം തേടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സ്വയം പാമ്പുകളെ പിടികൂടാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം മുൻനിർത്തി ഹെങ്‌ഷൗ പീപ്പിൾസ് ഹോസ്പിറ്റലിൽ പ്രത്യേക ചികിത്സാ സൗകര്യവും ആന്റി-വെനം ലഭ്യതയും അധികൃതർ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ദുരന്തമേഖലകളിൽ കൂടുതൽ മെഡിക്കൽ സ്റ്റേഷനുകളും വിദഗ്ദ്ധരെയും വിന്യസിച്ചിട്ടുണ്ട്.