
വാഷിങ്ടൺ: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുൻപ് പാർപ്പിക്കാൻ പുതിയ തടവറ ഫ്ലോറിഡയിൽ ഒരുങ്ങുന്നു. 'അലിഗേറ്റർ ആൽക്കട്രാസ്' എന്ന് അറിയപ്പെടുന്ന ഈ പുതിയ കേന്ദ്രം വിജനമായ ചതുപ്പുനിലത്തിന് അടുത്താണ് തയ്യാറാകുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സിലെ ഉപേക്ഷിക്കപ്പെട്ട ഒരു വിമാനത്താവളത്തിന് അടുത്താണ് പുതിയ തടവറ ഒരുങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെൻട്രൽ മിയാമിയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ തണ്ണീർത്തടമായ എവർഗ്ലേഡ്‌സിന്റെ മധ്യത്തിൽ, ഡേഡ്-കോളിയർ പരിശീലന വിമാനത്താവളത്തിന്റെ സ്ഥലത്താണ് പുതിയ തടങ്കൽ കേന്ദ്രം നിർമ്മിക്കുന്നത്. ചീങ്കണ്ണികളും പെരുമ്പാമ്പുകളും ധാരാളാമുള്ള ഒറ്റപ്പെട്ട പ്രദേശമാണ് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. ചതുപ്പുനിലങ്ങളാൽ ചുറ്റപ്പെട്ട പരിശീല റൺവേയുടെ സമീപത്തായാണ് പുതിയ തടവറ യുഎസ് സജ്ജീകരിക്കുന്നത്.
തടവറയുടെ നിർമ്മാണം അമേരിക്ക ആരംഭിച്ചതായാണ് വിവരം. ടെന്റുകൾ, നിർമ്മാണ സാമഗ്രികൾ, പോർട്ടബിൾ ടോയ്‌ലറ്റുകൾ എന്നിവ വഹിച്ചുള്ള ട്രക്കുകളുടെ നിര ഇവിടേക്ക് എത്തുന്നുവെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി 45% ആണെന്ന് എൻബിസി ഡിസിഷൻ ഡെസ്ക് പോൾ ജൂൺ 15നു നടത്തിയ അഭിപ്രായ സർവേയിൽ കണ്ടെത്തി. കുടിയേറ്റക്കാരോടുള്ള നിലപാടിലടക്കം ട്രംപിന് പിന്തുണയുണ്ട്. അതിർത്തി സുരക്ഷയും കുടിയേറ്റവും കൈകാര്യം ചെയ്യുന്നതിൽ ട്രംപിനെ പിന്തുണക്കുന്നവർ കൂടുതലാണ്. 51 ശതമാനം ട്രംപ് അതിർത്തി സുരക്ഷയും കുടിയേറ്റ പ്രശ്നവും കൈകാര്യം ചെയ്യുന്ന രീതിയെ അനുകൂലിക്കുമ്പോൾ 49 ശതമാനം ട്രംപിനോട് യോജിക്കുന്നില്ല.