
മസ്കറ്റ്: ഒമാനിലെ മത്രാ വിലായത്തിൽ സ്വർണക്കട കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടെ ഭിത്തി തകർത്താണ് പ്രതികൾ സ്വർണാഭരണങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് വ്യാപകമായ അന്വേഷണവും തിരച്ചിൽ നടപടികളും ആരംഭിച്ച മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡ്, വടക്കൻ അൽ ബതിന, ദോഫാർ പൊലീസ് കമാൻഡുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതികൾ സ്വർണക്കടയുടെ ചുമർ പൊളിച്ച് അകത്ത് കടന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ സമയോചിതമായ അന്വേഷണത്തിലൂടെ പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വത്ത് നശിപ്പിക്കൽ, കവർച്ചാശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ നാല് പേരുടെയും ദേശീയത ഏഷ്യൻ എന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കേസിന്റെ തുടർനടപടികൾ പൂർത്തിയാക്കിവരുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam