
ദില്ലി: ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറുമായി' ബന്ധപ്പെട്ട് പാകിസ്ഥാൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ഫ്രഞ്ച് നാവികസേന (French Navy). ഇന്ത്യൻ റഫാൽ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും, പാക് വ്യോമസേന ഏറെ മികച്ചതാണെന്നും ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു എന്നായിരുന്നു പാക് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത് പൂർണ്ണമായും തെറ്റിദ്ധാരണജനകവും വ്യാജവുമാണെന്ന് ഫ്രഞ്ച് നാവികസേന ഔദ്യോഗിക 'എക്സ്' ഹാൻഡിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പാകിസ്ഥാനിലെ ജിയോ ടിവി നവംബർ 21-ന് പുറത്തുവിട്ട റിപ്പോർട്ടിലാണ്, 'ജാക്വസ് ലൗണെ' എന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗുരുതരമായ അവകാശവാദങ്ങൾ ഉന്നയിച്ചത്. മെയ് 6-7 തീയതികളിൽ നടന്ന വ്യോമാക്രമണത്തിൽ 140-ൽ അധികം യുദ്ധവിമാനങ്ങൾ പങ്കെടുത്തെന്നും, ചൈനീസ് സഹായത്തോടെ ഇന്ത്യൻ റഫാലുകൾ വെടിവെച്ചിട്ടെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
പ്രസ്താവന പ്രകാരം, ഉദ്യോഗസ്ഥൻ്റെ യഥാർത്ഥ പേര് ക്യാപ്റ്റൻ യുവൻ ലൗണെ (Captain Yvan Launay) എന്നാണ്, അല്ലാതെ 'ജാക്വസ്' എന്നല്ല. മാത്രമല്ല, റിപ്പോർട്ടിൽ പറയുന്ന പ്രസ്താവനകൾ അദ്ദേഹം പറഞ്ഞതല്ലെന്നും, അവ കെട്ടിച്ചമച്ചതാണെന്നും ഫ്രഞ്ച് നാവികസേന വ്യക്തമാക്കി. ലൗണെയുടെ ഉത്തരവാദിത്തങ്ങൾ ഫ്രഞ്ച് റഫാൽ മറൈൻ വിമാനങ്ങൾ നിലയുറപ്പിച്ചിട്ടുള്ള നേവൽ എയർ സ്റ്റേഷനെ നയിക്കുന്നതിൽ മാത്രമായിരുന്നു. ഇൻഡോ-പസഫിക് കോൺഫറൻസിലെ അദ്ദേഹത്തിൻ്റെ അവതരണം പൂർണ്ണമായും സാങ്കേതികമായിരുന്നു. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടോ, ചൈനീസ് സംവിധാനങ്ങൾ റഫാൽ വിമാനങ്ങൾക്ക് തടസ്സമുണ്ടാക്കിയോ എന്നതിനെക്കുറിച്ച് താൻ ഒന്നും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ലൗണെ വ്യക്തമാക്കി. ചൈനീസ് ജെ-10C വിമാനങ്ങളെക്കുറിച്ചും റഫാലിൻ്റെ പ്രകടനത്തെക്കുറിച്ചും യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നും നാവികസേന ഉറപ്പിച്ചുപറഞ്ഞു. ബിജെപി വക്താവും ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ ഫ്രഞ്ച് നാവികസേനയുടെ പ്രസ്താവനയോട് പ്രതികരിച്ചു. ജിയോ (Geo TV) ടിവിയുടെ റിപ്പോർട്ടിനെ അദ്ദേഹം "പഴയതും കെട്ടിച്ചമച്ചതുമായ അവകാശവാദങ്ങൾ" എന്ന് വിശേഷിപ്പിക്കുകയും റിപ്പോർട്ടിന് പിന്നിലെ മാധ്യമപ്രവർത്തകനായ ഹമീദ് മിറിനെ വിമർശിക്കുകയും ചെയ്തു.
റഷ്യൻ യുദ്ധവിമാനങ്ങളുടെ വിൽപ്പനയെ തടസ്സപ്പെടുത്തുന്നതിനായി ചൈന സോഷ്യൽ മീഡിയ വഴി 'തെറ്റിദ്ധാരണജനകമായ പ്രചാരണം' നടത്തിയതായി യു.എസ്.-ചൈന ഇക്കണോമിക് ആൻഡ് റിവ്യൂ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഫ്രാൻസിൻ്റെ ഈ പ്രതികരണം. ഈ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് മറുപടിയായി പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടിയായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'.