
ന്യൂയോർക്ക്: റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ ചേരുമെന്നും വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളുടെ തലവന്മാരും നാറ്റോ സെക്രട്ടറി ജനറലും പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം സൗദിയിലെ സമാധാന ചർച്ചയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി പ്രതികരിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തീരുമാനമായിട്ടുണ്ട്. റഫാലിന് പിന്നാലെ എത്തുന്ന എഫ് 35 ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിച്ചു നിൽക്കുന്ന അമേരിക്കൻ കരുത്താണ് ഈ യുദ്ധ വിമാനം. വിമാനത്തിന്റെ പേരിന് ഒപ്പമുള്ള ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും. ഇത്രയും സൗകര്യങ്ങളുള്ള ആധുനിക വിമാനം ഇന്ത്യക്ക് നൽകുമെന്ന് ട്രംപ് പറഞ്ഞത് വെറുതെയല്ല. ഓരോ വർഷവും പ്രതിരോധ രംഗത്ത് ഇന്ത്യ മുടക്കുന്ന പണം കൂടി കൂടി വരികയാണ്. അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളിൽ എഫ് 35 വിമാനം വാങ്ങാൻ ശേഷിയുള്ള പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് എഫ് 35 ഇന്ത്യക്ക് കൈമാറുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam