
ദില്ലി/വാഷിംഗ്ടൺ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഇരുപക്ഷവും എല്ലാ നിബന്ധനകളും അംഗീകരിച്ചുവെന്നാണ് വൃത്തങ്ങൾ അറിക്കുന്നത്. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി, വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്ടണിലുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ പരസ്പരം താരിഫ് ചുമത്താനുള്ള ട്രംപിന്‍റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാർ സാധ്യമാകുന്നത്.
ഈ സമയപരിധി നീട്ടാൻ ആലോചിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. വ്യാപാരക്കമ്മി നികത്തുന്നതിനായി ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച ഇന്ത്യൻ ഇറക്കുമതിയുടെ 26 ശതമാനം അധിക നികുതി ജൂലൈ ഒമ്പത് വരെ ട്രംപ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന താരിഫായ 10 ശതമാനം ഇപ്പോഴും നിലവിലുണ്ട്. അധികമായി ഏർപ്പെടുത്തിയ 26 ശതമാനം താരിഫിൽ നിന്ന് പൂർണ്ണമായ ഒഴിവാക്കലാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ഈ വർഷം ഒക്ടോബറോടെ ഒരു ബഹുമുഖ, സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിന്‍റെ (ബിടിഎ) ആദ്യഘട്ടം നടപ്പിലാക്കാൻ ഇരു രാജ്യങ്ങളും പ്രവർത്തിച്ചുവരികയാണ്. ഇന്ത്യയുമായി ഒരു വലിയ വ്യാപാര കരാർ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി ട്രംപ് അടുത്തിടെ ആവർത്തിച്ച് സൂചന നൽകിയിരുന്നു. കഴിഞ്ഞയാഴ്ച, തന്‍റെ ഭരണകൂടം എല്ലാ വ്യാപാര തടസങ്ങളും നീക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ പ്രാഥമികമായി കാർഷിക ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ, തൊഴിൽ-സാന്ദ്രമായ ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, കാർഷിക, ക്ഷീരമേഖലകളിൽ യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതുവരെ ഒപ്പുവെച്ച ഒരു സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യ ക്ഷീരമേഖല തുറന്നുകൊടുത്തിട്ടില്ല.
ചില വ്യാവസായിക ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈലുകൾ, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ, ആപ്പിൾ, നട്സ്, ജനിതകമാറ്റം വരുത്തിയ വിളകൾ പോലുള്ള കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് തീരുവ ഇളവ് വേണമെന്ന് യുഎസ് ആവശ്യപ്പെടുന്നുണ്ട്. നിർദ്ദിഷ്ട വ്യാപാര കരാറിൽ ടെക്സ്റ്റൈൽസ്, രത്‌നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, ചെമ്മീൻ, എണ്ണക്കുരു, മുന്തിരി, വാഴപ്പഴം തുടങ്ങിയ്ക്ക് തീരുവ ഇളവ് നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.