
ഗസ സിറ്റി: ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സിൻ്റെ തലവൻ ഇസ്സുദ്ദീൻ അൽ-ഹദ്ദാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഒക്ടോബർ 7-ലെ ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇദ്ദേഹമെന്ന് ഇസ്രായേൽ ആരോപിക്കുന്നു. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ഒരു അപ്പാർട്ട്‌മെൻ്റിന് നേരെയാണ് ആക്രമണമുണ്ടായത്. മറ്റൊരു വാഹനത്തെയും ഇസ്രായേൽ ഡ്രോൺ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടു.
ആക്രമണത്തിൽ ഇതുവരെ ഏഴ് പേർ കൊല്ലപ്പെട്ടതായും അമ്പതോളം പേർക്ക് പരിക്കേറ്റതായും പലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിൻ്റെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ആക്രമണം വിജയകരമാണെന്നും ഹദ്ദാദ് കൊല്ലപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നും ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. എന്നാൽ, ഹമാസിൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗാസയിലെ സൈനിക കമാൻഡർമാരെ വധിക്കുന്നതിൻ്റെ ഭാഗമായാണ് ഇസ്രായേൽ ഈ നീക്കം നടത്തിയതെന്നാണ് വിവരം. ഇതിനുമുൻപും ഹദ്ദാദിനെ വധിക്കാൻ പലതവണ ശ്രമങ്ങൾ നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam