
ഇസ്ലാമാബാദ്: ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിൽ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉൾപ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ 'ജിയോ ന്യൂസി'നെതിരെ നടപടി. പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആണ് ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. 2018 മുതൽ പാകിസ്ഥാനിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.
ഏപ്രിൽ 12ന് 92-ാം വയസിൽ അന്തരിച്ച ആശാ ഭോസ്‌ലെയുടെ ജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ അവരുടെ പ്രശസ്തമായ ഗാനങ്ങൾ ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഇത് പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവിനോടുള്ള വെല്ലുവിളിയാണെന്ന് റെഗുലേറ്ററി അതോറിറ്റി ആരോപിച്ചു. പിഴയോ, ചാനലിന്‍റെ സംപ്രേഷണം തടയലോ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കലോ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചാനൽ സിഇഒയോട് ഏപ്രിൽ 27ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഈ നടപടിക്കെതിരെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് ശക്തമായി പ്രതികരിച്ചു. ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ പുനരവലോകനം ചെയ്യുന്നത് മാധ്യമധർമ്മമാണെന്ന് അദ്ദേഹം പറഞ്ഞു. കലയും അറിവും മാനവികതയുടെ പൊതുസ്വത്താണെന്നും അവയെ അതിർത്തികൾക്കുള്ളിൽ തളച്ചിടരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ആശാ ഭോസ്‌ലെക്ക് പാകിസ്ഥാനോടുള്ള ആത്മബന്ധവും നുസ്രത്ത് ഫത്തേ അലി ഖാൻ തുടങ്ങിയവരുമായുള്ള അവരുടെ സഹകരണവും അദ്ദേഹം അനുസ്മരിച്ചു.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി സെനറ്റർ ഷെറി റഹ്മാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും റെഗുലേറ്ററി അതോറിറ്റിയുടെ ഈ നടപടിയെ വിമർശിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ആശാ ഭോസ്‌ലെയുടെ സംസ്കാരം നടന്നത്. ആമിർ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും ആയിരക്കണക്കിന് ആരാധകരും പ്രിയ ഗായികയ്ക്ക് വിട നൽകാൻ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam