കനത്ത മഴ, ഇരുട്ട്, ട്രെക്കിൽ നിന്ന് റോഡിൽ വീണത് സ്റ്റീൽ കഷ്ണങ്ങൾ, പഞ്ചറായത് മൂന്നൂറിലേറെ വാഹനങ്ങൾ

Published : May 02, 2025, 09:57 AM IST
കനത്ത മഴ, ഇരുട്ട്, ട്രെക്കിൽ നിന്ന് റോഡിൽ വീണത് സ്റ്റീൽ കഷ്ണങ്ങൾ, പഞ്ചറായത് മൂന്നൂറിലേറെ വാഹനങ്ങൾ

Synopsis

ഇരുട്ടായതിനാൽ റോഡിൽ സ്റ്റീൽ അവശിഷ്ടം വീണു കിടക്കുന്നത് കാണാതെ പോയതാണ് പല വാഹനങ്ങളും വഴിയിലാവാൻ കാരണം. ടോ ട്രെക്കുകളെ ഉപയോഗിച്ച് വാഹനങ്ങളെ മോട്ടോർവേയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്

സിഡ്നി: ഗുഡ്സ് വാഹനത്തിൽ നിന്നും റോഡിൽ വീണത് ഇരുമ്പ് അവശിഷ്ടങ്ങൾ. 30 കിലോമീറ്റർ ദൂരത്ത് പഞ്ചറായത് നൂറ് കണക്കിന് വാഹനങ്ങൾ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. തിരക്കേറിയ മോട്ടോർവേയിലാണ് ഒരു വാഹനത്തിൽ നിന്ന് മൂർച്ചയേറിയ ഇരുമ്പ് മാലിന്യങ്ങൾ റോഡിൽ വീണത്. ഇതിന് പിന്നാലെ ഇതുവഴി വന്ന എല്ലാ വാഹനങ്ങളും വഴിയിൽ പഞ്ചറായി കിടന്നതോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് മേഖലയിലുണ്ടായത്. 

വെള്ളിയാഴ്ച പുലർച്ച് 5 മണിയോടെയാണ് സംഭവം. സെൻട്രൽ കോസ്റ്റിലെ മൌണ്ട് വൈറ്റിനും വ്യോഗ് റോഡിനും ഇടയിലുള്ള മോട്ടോർവേ 1 ലാണ് വാഹനങ്ങൾ നിരനിരയായി പഞ്ചറായത്. 750 കിലോയോളം സ്റ്റീൽ അവശിഷ്ടങ്ങളാണ് ട്രെക്കിൽ നിന്ന് റോഡിൽ വീണത്. ന്യൂസൌത്ത് വെയിൽസിലെ ഗതാഗത വകുപ്പ് അധികൃതർ സംഭവം അപ്രതീക്ഷിതമെന്നാണ് വിശദമാക്കുന്നത്. മുന്നൂറിലേറെ വാഹനങ്ങളുടെ ടയറുകളാണ് മേഖലയിൽ പഞ്ചറായത്. മിക്ക വാഹനങ്ങളുടെ ടയറുകൾക്കും റിമ്മിനും അടക്കം കേടുപാടുകൾ സംഭവിച്ചതായാണ് ന്യൂ സൌത്ത് വെയിൽസ് റോഡ് ഗതാഗത മന്ത്രി വിശദമാക്കുന്നത്. 

പല വാഹനങ്ങളും അപ്രതീക്ഷിതമായി സ്റ്റീൽ മാലിന്യങ്ങളിൽ കയറിയതോടെ അപകടങ്ങളിൽ പെടുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി വിശദമാക്കി. ഇരുട്ടായതിനാൽ റോഡിൽ സ്റ്റീൽ അവശിഷ്ടം വീണു കിടക്കുന്നത് കാണാതെ പോയതാണ് പല വാഹനങ്ങളും വഴിയിലാവാൻ കാരണം. ടോ ട്രെക്കുകളെ ഉപയോഗിച്ച് വാഹനങ്ങളെ മോട്ടോർവേയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. കനത്ത മഴയ്ക്കിടെയാണ് സംഭവമെന്നതാണ് ശ്രദ്ധേയമായ കാര്യം. റോഡിൽ വച്ച് തന്നെ പരിഹരിക്കാവുന്ന ചെറിയ തരത്തിലുള്ള തകരാറുകൾ അത്തരത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. 

എൻജെ ആഷ്ടൺ എന്ന കമ്പനിയുടെ ട്രെക്കിൽ നിന്നാണ് സ്റ്റീൽ കഷ്ണങ്ങൾ റോഡിൽ വീണ് പരന്നത്. സാങ്കേതിക തകരാറ് മൂലമാണ് ട്രെക്കിൽ നിന്ന് മാലിന്യം റോഡിൽ വീണതെന്നും ആളുകൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായും എൻജെ ആഷ്ടൺ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇതേ ട്രെക്ക് സർവ്വീസിന് ഉപയോഗിച്ചിരുന്നതാണെന്നും അന്ന് തകരാറുകൾ ശ്രദ്ധയിൽ വന്നില്ലെന്നുമാണ് കമ്പനി വിശദമാക്കുന്നത്. വാഹനത്തിൽ നിന്ന് സ്റ്റീൽ കഷ്ണങ്ങൾ റോഡിൽ വീഴുന്നതിനേക്കുറിച്ച് ഡ്രൈവർക്ക് അറിവില്ലാതെ പോയതാണ് കിലോമീറ്ററുകളോളം റോഡിൽ ഇവ വീഴാനിടയായതെന്നും സ്ഥാപനം കുറ്റസമ്മതം നടത്തിയിട്ടുണ്ട്.             

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ