നാല്‍പ്പതിനായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Jul 24, 2019, 8:16 PM IST
Highlights

ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്നതാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന.

വാഷിങ്ടണ്‍: നാല്‍പ്പതിനായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പരിശീലനം നേടിയ ഇവര്‍ അഫ്ഗാനിസ്ഥിലും കശ്മീരിലുമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനെത്തിയ പാക്ക് പ്രധാനമന്ത്രി ഒരു പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്നതാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന. പാക്കിസ്ഥാനില്‍ മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നെന്നും 30,000 ത്തിനും 40,000ത്തിനും ഇടയില്‍ ഭീകരവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2014-ല്‍ പെഷാവറില്‍ 150 സ്കൂള്‍ വിദ്യാര്‍ത്ഥികളെ താലിബാന്‍ വധിച്ചപ്പോള്‍ ഭീകരസംഘടനകള്‍ പാക്ക് മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി തീരുമാനിച്ചിരുന്നതായും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ 40-ഓളം ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കയില്‍ നടന്ന മറ്റൊരു ചടങ്ങില്‍ ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 


 

click me!