ഇന്ത്യ- ആസ്ട്രേലിയ വി‍ർച്വൽ ഉച്ചക്കോടി ആരംഭിച്ചു; സൈനികസഹകരണം ശക്തിപ്പെടുത്തും

By Web TeamFirst Published Jun 4, 2020, 1:04 PM IST
Highlights

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലയുമ്പോഴാണ് ഇന്തോ പസഫിക് മേഖലയിൽ ആസ്ത്രേലിയയുമായി സൈനിക സഹകരണത്തിനുള്ള നീക്കം ഇന്ത്യ ശക്തമാക്കുന്നത്. 

ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിർച്വൽ രൂപത്തിൽ ഇന്ത്യ - ആസ്ട്രേലിയ ഉച്ചക്കോടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ത്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വിഡിയോ കോൺഫറൻസിംഗ് വഴി ഉച്ചകോടിയിൽ പങ്കെടുത്തു. ഇതാദ്യമായാണ് നരേന്ദ്രമോദി വിഡിയോ കോൺഫറൻസിംഗ് വഴി ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്തോ പസഫിക് മേഖലയിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉച്ചക്കോടിയുടെ ആമുഖപ്രസംഗത്തിൽ പറഞ്ഞു.  ഇന്ത്യ ആസ്ത്രേലിയ ബന്ധം സമഗ്ര തന്ത്രപ്രധാന തലത്തിലേക്ക് ഉയർന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

നിലവിലെ കൊവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റാൻ ശ്രമിക്കുകയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കാര നടപടികളുടെ ഫലം വൈകാതെ കണ്ടു തുടങ്ങുമെന്നും മോദി പറഞ്ഞു. 

ഇന്തോ പസഫിക് മേഖലയിൽ സേനകൾക്ക് പരസ്പരം സൗകര്യങ്ങൾ ഒരുക്കുന്ന കരാറിന് രൂപം നല്കും. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലയുമ്പോഴാണ് ഇന്തോ പസഫിക് മേഖലയിൽ ആസ്ത്രേലിയയുമായി സൈനിക സഹകരണത്തിനുള്ള നീക്കം ഇന്ത്യ ശക്തമാക്കുന്നത്. 

click me!