സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വതത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്
യോഗ്യക്കാർത്ത:രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വിമാന യാത്രയ്ക്കിടെ റഡാറിൽ നിന്ന് കാണാതായ യാത്രാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ശനിയാഴ്ചയാണ് 11 യാത്രക്കാരുമായി പുറപ്പെട്ട യാത്രാ വിമാനം റഡാറിൽ നിന്ന് കാണാതായത്. ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42- 500 എന്ന വിമാനമാണ് തകർന്നതായി കണ്ടെത്തിയത്. യോഗ്യാക്കാർത്തയിൽ നിന്ന് സൌത്ത് സുലാവെസിയിലേക്കുള്ള യാത്രയ്ക്കിടെ മാരോസ് ജില്ലയ്ക്ക് സമീപത്ത് വച്ചാണ് വിമാനവുമായി അവസാനമായി ബന്ധപ്പെടാൻ സാധിച്ചത്. സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വതത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്തോനേഷ്യൻ വ്യോമ സേനാംഗങ്ങൾ ഹെലികോപ്ടറിൽ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനത്തിലുള്ളവരിൽ സർക്കാർ ജീവനക്കാർ അടക്കമുള്ളവരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഇന്തോനേഷ്യയിലെ മറൈൻ ഫിഷറീസ് മന്ത്രാലയത്തിന്റെ ചാർട്ടേഡ് വിമാനമാണ് തകർന്നിട്ടുള്ളത്. 11000 അടി ഉയരത്തിൽ നിന്ന് വിമാനം കൂപ്പ് കുത്തിയെന്നാണ് ഫ്ലൈറ്റ് റഡാറിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വിശദമാക്കുന്നത്.
11000 അടി ഉയരത്തിൽ നിന്ന് വിമാനം കൂപ്പ് കുത്തിയെന്ന് ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള വിവരം
42 മുതൽ 50 പേരെ വഹിക്കാൻ ശേഷിയുള്ള റീജിയണൽ ടർബോപ്രോപ് വിമാനമാണ് തകർന്നത്. ഇറ്റലിയും ഫ്രാൻസിലുമായാണ് എടിആർ വിമാനം നിർമ്മിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിൽ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ വളരെ പിന്നിലാണ് ഇന്തോനേഷ്യയുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിമാനങ്ങളാണ് ഇന്തോനേഷ്യയിൽ തകർന്നിട്ടുള്ളത്. കനത്ത മൂടൽ മഞ്ഞുള്ള മേഖലയിലാണ് വിമാനം കാണാതായിട്ടുള്ളത്. എട്ട് ക്രൂ അംഗങ്ങളും മൂന്ന് യാത്രക്കാരുമാണ് വിമാനത്തിലുള്ളതെന്നാണ് ലഭ്യമാവുന്ന വിവരം. വിമാനം കണ്ടെത്താനായി 1200 ലേറെ രക്ഷാപ്രവർത്തകരാണ് തെരച്ചിൽ നടത്തിയത്. ഞായറാഴ്ച രാവിലൊണ് പർവ്വത മേഖലയിൽ വിമാന അവശിഷ്ടം കണ്ടതായി പ്രദേശ വാസികൾ അധികൃതരെ അറിയിച്ചത്. ജക്കാർത്തയിൽ നിന്ന് 1500 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നതായി കണ്ടെത്തിയ മേഖല.


