അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ തങ്ങൾ ആലോചിക്കുന്നില്ലെന്നും എന്നാൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ സമാധാനം നശിപ്പിക്കാനും രാജ്യത്ത് പ്രക്ഷോഭം ഉണ്ടാക്കാനും അമേരിക്ക ശ്രമിക്കുന്നുവെന്നും ഇറാൻ
ടെഹ്റാൻ: അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ തങ്ങൾ ആലോചിക്കുന്നില്ലെന്ന് ഇറാൻ. എന്നാൽ തങ്ങളെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ സമാധാനം നശിപ്പിക്കാനാണ് അമേരിക്കയുടെ നീക്കമെന്നും രാജ്യത്തുണ്ടായ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയാണെന്നും ഇറാൻ വിമർശിച്ചു. ഇറാനിലെ വിദേശകാര്യ വക്താവ് ഇസ്‌മയിൽ ബഗ്‌ഷിയാണ് അമേരിക്കയ്ക്ക് എതിരായ പ്രതികരണം നടത്തിയത്. പേർഷ്യൻ ഭാഷയിൽ യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിനോടായിരുന്നു പ്രതികരണം.
ഇറാൻ സായുധ സേനകൾ രാജ്യസുരക്ഷ മുൻനിർത്തി കരുത്ത് കൂട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇസ്‌മയിൽ ബഗ്‌ഷി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇൻ്റർനെറ്റ് വിലക്ക് ഇറാൻ തുടരുമെന്ന സൂചനയാണ് ബിബിസി നൽകുന്നത്. രാജ്യത്ത് പ്രതിഷേധം വീണ്ടും ശക്തമാകാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് ഇറാനിലെ പ്രക്ഷോഭത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടാൻ കാരണമെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് അലി ഖമെയ്‌നി കുറ്റപ്പെടുത്തിയിരുന്നു.


