ഇന്ത്യ 'നോ' പറഞ്ഞാൽ തകരുക ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ആകാശ സ്വപ്നം, സസ്പെൻസ് നിലനിർത്തി കേന്ദ്രം, എല്ലാ കണ്ണുകളും 29ലേക്ക്

Published : Jan 10, 2026, 05:06 PM IST
PM Modi

Synopsis

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കാനുള്ള ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും നീക്കം ഇന്ത്യയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ വ്യോമപാത നിഷേധിച്ചാൽ യാത്രാദൂരവും ചെലവും കുതിച്ചുയരും. 

ദില്ലി: ബം​ഗ്ലാദേശും പാകിസ്ഥാനും നേരിട്ടുള്ള വിമാന സർവീസ് ജനുവരി 29ന് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ നിലപാട് നിർണായകം. പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസ് ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം വിമാനങ്ങൾക്ക് വ്യോമാതിർത്തി നിരോധിച്ചിരിക്കുന്നതിനാൽ ഇന്ത്യയുടെ വ്യോമ മേഖലക്ക് മുകളിലൂടെ ധാക്ക-കറാച്ചി വിമാന സർവീസ് അനുവദിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കുന്നു. ബം​ഗ്ലാദേശിന്റെ എയർലൈൻ കമ്പനിയായ ബിമാൻ ആണ് സർവീസ് നടത്തുന്നത്.

ബിമാൻ എയർലൈനിന്റെ ധാക്ക-കറാച്ചി വിമാനത്തിന് ഇന്ത്യ വ്യോമപാത തുറന്ന് നൽകിയില്ലെങ്കിൽ ബം​ഗ്ലാദേശ് ഒരുപാട് പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വസ്തുത. അനുമതി നൽകിയില്ലെങ്കിൽ ധാക്കയിൽ നിന്ന് കറാച്ചിയിലെത്താൻ വിമാനം ഇന്ത്യൻ ഉപദ്വീപ് ചുറ്റി സഞ്ചരിക്കേണ്ടിവരും. ഇതുവഴി അഞ്ച് മണിക്കൂറും 3500 കിലോമീറ്ററും ബം​ഗ്ലാദേശിന് നഷ്ടമുണ്ടാകും. ഇന്ത്യ അനുമതി നൽകിയാൽ ധാക്കയിൽ നിന്ന് കറാച്ചിയിലെത്താൻ 2,300 കിലോമീറ്റർ (3 മണിക്കൂർ) മാത്രമാണെടുക്കുക. ഉപദ്വീപ് ചുറ്റുകയാണെങ്കിൽ യാത്ര 5,800 കിലോമീറ്ററിലധികം നീളും. നിലവിലുള്ള കരാറുകൾ പ്രകാരം വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞതിനാൽ, പന്ത് ഇന്ത്യയുടെ കോർട്ടിലാണെന്ന് വ്യക്തം.

ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിലുള്ള വിമാന ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. ബംഗ്ലാദേശുമായുള്ള വ്യോമ സേവന കരാർ പ്രകാരം അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രൺധീപ് ജയ്സ്വാൾ പറഞ്ഞു. 1978-ൽ ഇരു സർക്കാരുകളും ഒപ്പുവച്ച ഉഭയകക്ഷി കരാർ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള വ്യോമയാന സേവനങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഓവർഫ്ലൈറ്റ് അവകാശങ്ങൾ, നിയുക്ത റൂട്ടുകൾ, അനുമതികൾ താൽക്കാലികമായി നിർത്തിവയ്ക്കാവുന്ന വ്യവസ്ഥകൾ എന്നിവ കരാറിൽ ഉൾപ്പെടുന്നു.

ഹസീനയുടെ വീഴ്ചയ്ക്ക് ശേഷമാണ് ബം​ഗ്ലാദേശും പാകിസ്ഥാനും അടുത്തത്. അതിനിടെ ബം​ഗ്ലാദേശിന്റെ ഇന്ത്യയുടെ ബന്ധം വഷളാകുകയും ചെയ്തു. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, ബംഗ്ലാദേശും പാകിസ്ഥാനും ഒന്നിലധികം ഉന്നതതല ഇടപെടലുകളിലൂടെ ബന്ധം ശക്തിപ്പെടുത്തി. ഇടക്കാല ഭരണകൂടത്തിന്റെ തലവൻ മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രണ്ടുതവണ കാണുകയും വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ധാക്ക സന്ദർശിക്കുകയും ചെയ്തു. 2024 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഉഭയകക്ഷി വ്യാപാരത്തിൽ 27% വർധനവുണ്ടായതായും തുടർന്ന് 2025 ഡിസംബർ ആയപ്പോഴേക്കും വർഷം തോറും 20% വർദ്ധനവുണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ബില്യൺ ഡോളറിന്റെ കരാറുകളും നിക്ഷേപങ്ങളും ലക്ഷ്യമിട്ടുള്ള വ്യാപാരത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

സൈനിക സഹകരണവും കൂടുതൽ ശക്തമായി. ബംഗ്ലാദേശ് വ്യോമസേനാ മേധാവി കഴിഞ്ഞയാഴ്ച പാകിസ്ഥാൻ സന്ദർശിക്കുകയും ചൈന-പാകിസ്ഥാൻ നിർമ്മിത ജെഎഫ്-17 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. പാകിസ്ഥാൻ പ്രതിരോധ സേനാ മേധാവി അസിം മുനീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അമാൻ-25 സമുദ്രാഭ്യാസത്തിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പങ്കെടുത്തു. 1971 ന് ശേഷം ആദ്യമായി നേരിട്ടുള്ള കടൽ വ്യാപാരം പുനരാരംഭിച്ചു.

2012 ൽ നിർത്തലാക്കിയ ധാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ബിമാൻ ബംഗ്ലാദേശ് നേരിട്ടുള്ള സർവീസ് ജനുവരി 29 ന് ആരംഭിക്കുമെന്നാണ് അറിയിച്ചത്. തുടക്കത്തിൽ, ആഴ്ചയിൽ രണ്ട് ദിവസം (വ്യാഴം, ശനി) നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് എയർലൈൻ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. തിരിച്ചുള്ള വിമാനം അർദ്ധരാത്രിയിൽ കറാച്ചിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4 മണിക്ക് ധാക്കയിൽ എത്തിച്ചേരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി, വ്യാപക പ്രതിഷേധം
ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് വലിക്കുന്ന സ്ത്രീകൾ, വധശിക്ഷ ലഭിക്കാവുന്ന കുറ്റം ധൈര്യപൂർവ്വം; ഇറാനിൽ കനത്ത ജനരോഷം, ഖമേനി പ്രതിരോധത്തിൽ