
ടെഹ്‌റാൻ: ഇറാനിലെ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭം അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു. ഭരണകൂടത്തിന്‍റെ കർശനമായ നിയന്ത്രണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇറാനിയൻ സ്ത്രീകൾ നടത്തുന്ന പ്രതീകാത്മക പ്രതിഷേധങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങൾ പരസ്യമായി കത്തിക്കുകയും, ആ തീയിൽ നിന്നും സിഗരറ്റ് കൊളുത്തുകയും ചെയ്യുന്ന ഇറാനിയൻ യുവതികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. സ്ത്രീകളുടെ അവകാശങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യത്ത്, ഭരണകൂടത്തോടുള്ള ഭയമില്ലായ്മയുടെ പ്രതീകമായാണ് ഈ ദൃശ്യങ്ങൾ വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തന്നെ തള്ളിക്കളയുന്ന വിപുലമായ പ്രക്ഷോഭമായി മാറിയിരിക്കുന്നു. 'ഖമേനിക്ക് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിർന്നവരും തെരുവിലിറങ്ങുകയാണ്. ഹിജാബ് നിയമങ്ങൾ ലംഘിച്ചും പൊതുമധ്യത്തിൽ മുടി പ്രദർശിപ്പിച്ചും സ്ത്രീകൾ പ്രതിഷേധം നയിക്കുന്നു. 2022ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. 'ഞാൻ ഭയപ്പെടുന്നില്ല, കഴിഞ്ഞ 47 വർഷമായി ഞാൻ മരിച്ചതിന് തുല്യമാണ്' എന്ന് മുഖത്ത് ചോരയുമായി വിളിച്ചുപറയുന്ന പ്രായമായ സ്ത്രീയുടെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പരമോന്നത നേതാവിന്‍റെ ചിത്രം കത്തിക്കുന്നത് ഇറാനിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. മുൻപ് ഇത്തരത്തിൽ പ്രതിഷേധിച്ച പലരും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, വധശിക്ഷാ ഭീഷണികളെ വകവെക്കാതെയാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. ശനിയാഴ്ച മാത്രം നടന്ന സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ സ്ത്രീകളുടെ ധീരതയെ പ്രകീർത്തിച്ച് ആഗോളതലത്തിൽ രാഷ്ട്രീയ നിരീക്ഷകരും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ധീരമായ പോരാട്ടമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഭരണകൂടം അടിച്ചമർത്തൽ നടപടികൾ ശക്തമാക്കുമ്പോഴും, ഇറാനിലെ ലിംഗവിവേചനത്തിനും ഏകാധിപത്യത്തിനും എതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam