
ദില്ലി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി 9 ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ, ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാൻ. പാകിസ്ഥാൻ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാൻ സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് നേരെ ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചതായി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്. റഡാറുകളെ ഭേതിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ശേഷിയുള്ള, ഏറെ സവിശേഷതകളുള്ളതാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ. പാക് സൈനിക വക്താവിന്‍റെ പ്രസ്താവന ശരിയാണെങ്കിൽ, ആദ്യമായിട്ടാണ് ഇന്ത്യ ഒരു സംഘർഷത്തിൽ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കുന്നത്. പാകിസ്ഥാന്‍റെ വ്യോമ താവളങ്ങൾ തകർക്കാനും എയർ റഡാർ സംവിധാനങ്ങൾ തകർക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് നടന്ന ബ്രഹ്മോസിന്‍റെ ദൂരപരിധി സംബന്ധിച്ച് പരീക്ഷണം നടത്തിയിരുന്നു. ബംഗാൾ ഉൾക്കടലിൽ വിജയകരമായി പരീക്ഷിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന് 800 കിലോമീറ്റർ പരിധി ഉറപ്പിച്ചതായി കഴിഞ്ഞ ചൊവ്വാഴ്ച സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. മാക് 2.8 നും മാക് 3.0 നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് മേൽ പതിക്കും.
തുടക്കത്തിൽ 290 കിലോമീറ്റർ പരിധിയായിരുന്നു ബ്രഹ്മോസ് മിസൈലിനുണ്ടായിരുന്നത്. എന്നാൽ ഇന്ത്യ മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (എം ടി സി ആർ) പ്രവേശിച്ചതോടെ ബ്രഹ്മോസിന്‍റെ ദൂരപരിധിയും ഗണ്യമായി വികസിച്ചു. ഏറ്റവുമൊടുവിൽ സ്ഥിരീകരിച്ച 800 കിലോമീറ്റർ ദൂരപരിധി ഇപ്പോൾ ഇന്ത്യയുടെ സാങ്കേതിക മികവിനെയാണ് കാണിക്കുന്നത്.
അതേസമയം ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ് സ്ഥിരീകരിച്ചത്. പാക് - യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമിച്ച വ്യോമതാവളമാണിത്. വിമാനത്താവളം തകർന്നതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയൽ ലോഞ്ച് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി.