യുകെ വിമാനത്തിൽ അല്ലാഹു അക്ബർ മുദ്രാവാക്യം, ബോംബ് ഭീഷണി; ഇന്ത്യൻ വംശജനായ അഭയ് ദേവദാസ് നായക് അറസ്റ്റിൽ

Published : Jul 30, 2025, 11:00 AM IST
India-origin man Abhay Devdas Naik arrested from UK flight

Synopsis

ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് ഗ്ലാസ്ഗോയിലേക്കുള്ള വിമാന യാത്രയിൽ മുദ്രാവാക്യം വിളിച്ച ഇന്ത്യൻ വംശജനെ സ്കോട്ട്ലൻഡിൽ അറസ്റ്റ് ചെയ്തു.

ലണ്ടൻ: വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ഇന്ത്യൻ വംശജൻ സ്കോട്ട്ലൻഡിൽ അറസ്റ്റിൽ. 41കാരനായ അഭയ് ദേവ്ദാസ് നായക് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് ഗ്ലാസ്ഗോയിലേക്കുള്ള വിമാന യാത്രയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അക്രമം, വിമാനത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈസിജെറ്റ് വിമാനം ഞായറാഴ്ച രാവിലെ ഗ്ലാസ്ഗോയിൽ എത്തിയതിന് പിന്നാലെയാണ് അഭയ് ദേവ്ദാസ് നായക് അറസ്റ്റിലായത്. "അമേരിക്കയുടെ അന്ത്യം, ട്രംപിന് മരണം, അല്ലാഹു അക്ബർ" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അഭയ് ദേവ്ദാസ് നായക് വിളിക്കുന്നതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വിമാനം ബോംബിട്ട്  തകർക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും റിപ്പോർട്ടുണ്ട്. 

ജൂലൈ 27ന് രാവിലെ 8.20 ഓടെ ഗ്ലാസ്ഗോയിലെത്തിയ വിമാനത്തിൽ ഒരാൾ പ്രശ്നങ്ങളുണ്ടാക്കുന്നതായി വിവരം ലഭിച്ചെന്ന് സ്കോട്ട്ലൻഡ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന മുദ്രാവാക്യ വീഡിയോകൾ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധിച്ചുവരികയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.

ലണ്ടനിലെ ലൂട്ടൺ സ്വദേശിയായ നായകിനെതിരെ യുകെയുടെ എയർ നാവിഗേഷൻ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ തീവ്രവാദ കുറ്റങ്ങൾ ചുമത്തിയിട്ടില്ല. വിമാനത്തിനോ യാത്രക്കാർക്കോ അപകടകരമായ രീതിയിൽ പ്രവർത്തിച്ചാൽ ചുമത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകളിൽ, രണ്ട് സഹയാത്രികർ ചേർന്ന് പ്രതിയെ വിമാനത്തിൽ തറയിലേക്ക് തള്ളിയിടുന്നത് കാണാം.

തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്തി. സ്കോട്ട്ലൻഡ് പൊലീസ് ഉടനെത്തി നായകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അടുത്ത ആഴ്ച കോടതിയിൽ ഹാജരാക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ അതിർത്തിയോട് ചേർന്നുള്ള പൈസ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. എന്തിനാണ് മുസ്ലിം എന്ന് തോന്നിപ്പിക്കും വിധം ഇയാൾ മുദ്രാവാക്യം വിളിച്ചതെന്നും വ്യക്തമല്ല.

 

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു