
ഡൽഹി: എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയിൽ ഇന്ത്യക്കാരനും. പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയാണ് അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്ബിഐ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണ് അമൃത്പാൽ സിംഗെന്നാണ് എഫ്ബിഐ വിശദമാക്കുന്നത്. വടക്കേ അമേരിക്കയിൽ ലഹരി വിതരണം ചെയ്യുന്നതിൽ അമൃത്പാൽ സിംഗിന് വലിയ പങ്കുള്ളതായാണ് എഫ്ബിഐ കണ്ടെത്തിയിട്ടുള്ളത്. അമൃത്പാൽ സിംഗിന്റെ 2024ലെ ചിത്രമടക്കമാണ് എഫ്ബിഐ അറിയിപ്പ്. കൊക്കെയ്നും മെത്താഫെറ്റാമിനും വടക്കേ അമേരിക്കയിൽ വിതരണം ചെയ്യുന്ന ലഹരിക്കാർട്ടലുമായുള്ള ബന്ധത്തേ തുടർന്നാണ് എഫ്ബിഐ നോട്ടീസ്. 5 അടി 9 ഇഞ്ച് ഉയരമാണ് ഇയാൾക്കുള്ളത്. വാൻകൂവർ, കാനഡയിൽ അടിസ്ഥാനമായുള്ള രവീന്ദർ ദന്ത എന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അമൃത്പാൽ സിംഗ് എന്നാണ് എഫ്ബിഐ ആരോപിക്കുന്നത്.
എന്നാൽ അമൃത്പാൽ സിംഗ് 2025 ഫെബ്രുവരിയിൽ ജലന്ധറിൽ വച്ചുണ്ടായ റോഡ് അപകടത്തിൽ മരിച്ചതായാണ് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്ന് കുടുംബത്തോടൊപ്പം നിൽക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത് എന്നാണ് ബന്ധുക്കൾ പ്രതികരിക്കുന്നത്. ഇയാൾക്കെതിരെ ജൂൺ 23നാണ് എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. ലോസാഞ്ചലസിലെ ഒരു കോടതിയാണ് അമൃത്പാലിനെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam