
ലണ്ടൻ: വിമാന യാത്രക്കിടെ പെൺകുട്ടിയെ കയറിപ്പിടിച്ച ഇന്ത്യക്കാരന് 21 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. മുംബൈ സ്വദേശിയായ ജാവേദ് ഇനാംദാർ (34) ആണ് 12 കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് ശിക്ഷിച്ചത്. 2024 ഡിസംബർ 14ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ബ്രിട്ടീഷ് എയർവേഴ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ ഉറങ്ങിക്കിടക്കുന്ന പെൺകുട്ടിയെ ആക്രമിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ജാവേദ് ഒരു ഷിപ്പിംഗ് കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. വിമാന യാത്രക്കിടെ അര്‍ദ്ധരാത്രിയില്‍ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു.
പെൺകുട്ടിയുടെ അടുത്ത സീറ്റിലായിരുന്നു ഇനാംദാർ ഇരുന്നത്. എല്ലാവരും ഉറങ്ങിക്കിടക്കവേ ഇയാൾ ആദ്യം 12 കാരിയെ കൈ പിടിച്ചു. പിന്നീട് വസ്ത്രം മാറ്റി മാറിടത്തിൽ പിടിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന പെൺകുട്ടി എഴുന്നേറ്റ് പോകൂ എന്ന് അലറിക്കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ എയർവേയ്‌സ് ക്യാബിൻ ക്രൂവിനോട് പെൺകുട്ടി വിവരം അറിയിക്കുകയായിരുന്നു. പിടിക്കപ്പെട്ടതോടെ താൻ ഉറക്കത്തിൽ അടുത്തിരിക്കുന്നത് ഭാര്യയാണെന്ന് കരുതിയെന്നായിരുന്നു പ്രതി വാദിച്ചത്. ഈ വാദം അംഗീകരിക്കാതെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ട് പോയി.
ഐൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ പ്രതി കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാന്‍ ശ്രമിച്ചിരുന്നതായും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും ക്രൂ അംഗം കോടതിയില്‍ മൊഴി നല്‍കി. കുട്ടി അങ്ങേയറ്റം മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ക്യാബിൻ മാനേജർ റെബേക്ക റൂണിയും മൊഴി നൽകി. വിചാരണ വേളയിൽ പ്രതി പൊട്ടിക്കരഞ്ഞ് വാദങ്ങൾ ആവർത്തിച്ചു. പക്ഷേ തെളിവുകളും സാക്ഷി മൊഴികളും വിലയിരുത്തി കോടതി ജാവേദ് ഇനാംദാറിന് 21 മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam