
വാഷിംഗ്ടണ്‍: യുഎസിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 വയസുകാരിയായ രാജ്യലക്ഷ്മി (രാജി) യാർലഗഡ്ഡയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി–കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജി പഠനം പൂർത്തിയാക്കിയ ശേഷം സജീവമായി ജോലി തേടുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജിയുടെ റൂംമേറ്റ്‌സ് ആണ് മൃതദേഹം കണ്ടെത്തിയത്.
കടുത്ത ചുമയും നെഞ്ചുവേദനയും കാരണം 2-3 ദിവസമായി രാജിക്ക് അസുഖം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. നവംബർ ഏഴിന് രാവിലെയാണ് യുവതി മരണപ്പെട്ടതെന്ന് കസിൻ ചൈതന്യ വൈ വി കെ ഗോഫണ്ട്‌മീയിൽ ആരംഭിച്ച ധനസമാഹരണ ക്യാമ്പയിനിൽ പറയുന്നു. ബാപ്പട്ട്ല ജില്ലയിലെ കരംചേടു സ്വദേശിയായ രാജ്യലക്ഷ്മി, വിജയവാഡയിലെ ഒരു സ്വകാര്യ കോളേജിൽ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്. ഉന്നത പഠനത്തിനായി 2023ൽ യുഎസിലേക്ക് പോയി. അടുത്തിടെ കമ്പ്യൂട്ടർ സയൻസിൽ എം എസ് പൂർത്തിയാക്കിയ ശേഷം അവർ ജോലി അന്വേഷിക്കുന്ന തിരക്കിലായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ജലദോഷവും ക്ഷീണവും ഉണ്ടെന്ന് രാജി വീട്ടുകാരോട് പറഞ്ഞിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം കണ്ടെത്താനുള്ള മെഡിക്കൽ പരിശോധനകൾ പുരോഗമിക്കുകയാണ്.
കരമച്ചേടിലെ ചെറിയ കൃഷിഭൂമിയെ ആശ്രയിച്ച് കഴിയുന്ന തന്‍റെ കുടുംബത്തിന് മെച്ചപ്പെട്ട ഭാവി നൽകാനാണ് രാജി യുഎസിലേക്ക് പോയതെന്ന് ചൈതന്യ ഗോഫണ്ട്‌മീ അപ്പീലിൽ പറയുന്നു. "കൃഷി തുടരാൻ മാതാപിതാക്കളെ സഹായിക്കാൻ സ്വപ്നം കണ്ട, ഒരുപാട് പ്രതീക്ഷകളുള്ളയാളായിരുന്നു അവൾ" രാജിക്ക് വേണ്ടി ആരംഭിച്ച ധനസമാഹരണ ക്യാമ്പയിനിൽ കസിൻ കുറിച്ചു.
"ഈയൊരു നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ, ഞങ്ങൾ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്. അവരുടെ വിദ്യാഭ്യാസ വായ്പകൾ, സംസ്കാര ചെലവുകൾ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള യാത്രാ ചെലവുകൾ, കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്നിവയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പണം സ്വരൂപിക്കുന്നത്," ചൈതന്യ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം യുഎസിൽ 11 ഇന്ത്യൻ, ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam