
കാലിഫോർണിയ: കാലിഫോർണിയയിൽ ഒരു മാസം മുമ്പ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തിൽ പ്രതിയായ ഇന്ത്യൻ യുവാവ് മദ്യലഹരിയിലായിരുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഡ്രൈവർ ജഷൻപ്രീത് സിംഗ് മദ്യലഹരിയിലായിരുന്നില്ലെന്ന് യു.എസ്. അധികൃതരാണ് വ്യക്തമാക്കിയത്. നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനെതിരെ ജഷൻപ്രീതിന്റെ ബന്ധുക്കളും രംഗത്തെത്തി.
എന്നാൽ, ഇപ്പോഴും അശ്രദ്ധമായി വാഹമോടിച്ചുള്ള നരഹത്യ കുറ്റം നിലനിൽക്കുകയാണ്. ഒക്ടോബർ 21നാണ് 21കാരനായ ജഷൻപ്രീത് സിംഗ് അറസ്റ്റിലായത്. സംശയാസ്പദമായി മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്. എന്നാൽ പരിശോധിച്ച റിപ്പോർട്ടുകൾ പ്രകാരം സിംഗിന്റെ രക്തത്തിൽ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ അംശം ഉണ്ടായിരുന്നില്ലെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. എങ്കിലും, ദൃക്‌സാക്ഷികളുടെയും ഡാഷ്‌കാം ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രതി അമിത വേഗതയിൽ നിർത്തിയിട്ട വാഹനങ്ങൾക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിംഗിന് ജാമ്യം നിഷേധിച്ചു. 2022-ൽ അനധികൃതമായി യു.എസ്. അതിർത്തി കടന്നെത്തിയ സിംഗ് ഇമിഗ്രേഷൻ ഹിയറിംഗ് കാത്തിരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.