
ദില്ലി: വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പൊതു സ്ഥലങ്ങളിലെ പെരുമാറ്റം ഇനിയും മെച്ചപ്പെടണമെന്ന് ഓർമ്മിപ്പിച്ച് വ്യവസായ ഹർഷ ഗോയങ്ക പങ്കുവച്ച ചിത്രം വൈറലാവുന്നു. 2019ൽ സ്വിസ് ഹോട്ടൽ ഇന്ത്യക്കാർക്കായി മാത്രം ഏർപ്പെടുത്തിയ പ്രത്യേക നിയമങ്ങൾ ഓർമ്മിപ്പിച്ച് വ്യവസായി ഹർഷ ഗോയങ്കയുടെ കുറിപ്പ്. വിദേശരാജ്യങ്ങളിൽ വെച്ച് ഇന്ത്യക്കാർ പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറുന്നതിന്റെയും അച്ചടക്കമില്ലായ്മയുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർമാനുമായ ഹർഷ ഗോയങ്ക രംഗത്തെത്തിയിട്ടുള്ളത്.
2019ൽ സ്വിറ്റ്‌സർലൻഡിലെ ഒരു ഹോട്ടൽ സന്ദർശിച്ചപ്പോൾ താൻ നേരിട്ട് കണ്ട ഒരു അനുഭവം ആണ് ഹർഷ ഗോയങ്ക ഓർമ്മിപ്പിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ആഡംബര റിസോർട്ട് ടൗണായ ഗ്സ്റ്റാഡിലുള്ള ഹോട്ടൽ ആർക്-എൻ-സീൽ എന്ന ഹോട്ടലിൽ വെച്ചാണ് തനിക്ക് ആ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായതെന്ന് ഗോയങ്ക വ്യക്തമാക്കുന്നത്. അവിടെ ഇന്ത്യൻ വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യമിട്ട് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ഒരു പ്രത്യേക നോട്ടീസ് ബോർഡ് ഹോട്ടൽ അധികൃതർ സ്ഥാപിച്ചിരുന്നു. ഒരു പ്രത്യേക രാജ്യത്തു നിന്നുള്ളവരെ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നോട്ടീസ് നൽകിയത് തന്നെ ഏറെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചത്. ഹോട്ടൽ മാനേജർ ക്രിസ്റ്റ്യൻ മാറ്റി ഒപ്പിട്ട ആ നോട്ടീസിൽ ഇന്ത്യക്കാർക്കായി നൽകിയ പ്രത്യേക നിർദ്ദേശങ്ങൾ ഇവയാണ്.
രാവിലെ ഹോട്ടലിൽ ഒരുക്കുന്ന ബുഫെയിൽ നിന്ന് ആരും ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകരുത്. അവിടെ നൽകുന്ന ഭക്ഷണം പ്രഭാതഭക്ഷണത്തിന് മാത്രമുള്ളതാണ്. ഉച്ചഭക്ഷണത്തിനുള്ള പാക്കറ്റുകൾ വേണമെങ്കിൽ സർവീസ് സ്റ്റാഫുകളോട് ഓർഡർ ചെയ്ത് പണം നൽകി വാങ്ങാവുന്നതാണ്. ഭക്ഷണം കഴിക്കുമ്പോൾ മേശപ്പുറത്ത് നൽകിയിട്ടുള്ള സ്പൂൺ, ഫോർക്ക് തുടങ്ങിയവ മാത്രം ഉപയോഗിക്കുക. മറ്റുള്ളവർക്കും വൃത്തിയുള്ള അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഹോട്ടലിന്റെ ഇടനാഴികളിലും ബാൽക്കണിയിലും ഉച്ചത്തിൽ സംസാരിക്കരുത്, ശാന്തത പാലിക്കുക. നിങ്ങളെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികൾ ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും അവർ സമാധാനവും വിശ്രമവും ആഗ്രഹിക്കുന്നുണ്ടെന്നും ഓർക്കുക.
ഈ നോട്ടീസ് അന്ന് വലിയ വംശീയ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെടുകയും വിവാദമായതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഗോയങ്ക ഇതിനെ ഒരു പാഠമായാണ് കാണുന്നത്. നിലവിൽ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലും മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾ കൂട്ടമായി ഗർബ നൃത്തം ചെയ്യുന്ന വീഡിയോകൾ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗോയങ്കയുടെ ഈ കുറിപ്പ്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായമര്യാദ, അച്ചടക്കം, മികച്ച പൊതുബോധം എന്നിവയിലൂടെ ലോകത്തിന്റെ മുഴുവൻ ആദരവ് പിടിച്ചുപറ്റിയ ജപ്പാനെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്ന് ഹർഷ ഗോയങ്ക ഓർമ്മിപ്പിച്ചു. ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി വളരുമ്പോൾ, വെറും സാമ്പത്തിക വളർച്ച മാത്രം പോരെന്നും ജനങ്ങളുടെ പെരുമാറ്റ മികവിലൂടെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിലൂടെയുമായിരിക്കണം രാജ്യം ഓർമ്മിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് പോകുന്ന ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ അംബാസഡർമാരാണെന്നും അതിനാൽ നമ്മുടെ പെരുമാറ്റരീതികൾ പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നത്.
A Swiss hotel once displayed a list of special rules exclusively for Indian guests which I personally saw and was appalled.
Today, videos of garba in restaurants, loud conversations in airports, and turning aircraft cabins into picnic spots keep doing the rounds. Even in Davos,… pic.twitter.com/ccljdLmDfk— Harsh Goenka (@hvgoenka) May 31, 2026
സാമൂഹ്യ മാധ്യമത്തിലെ ചർച്ചകൾഗോയങ്കയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പലരും അദ്ദേഹത്തിന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ചു. ഇന്ത്യയിലെ സ്കൂളുകളിൽ കുട്ടിക്കാലം മുതൽക്കേ നൈതികശാസ്ത്രവും പൊതുബോധവും നിർബന്ധിത വിഷയമാക്കണമെന്നും, എങ്ങനെയെങ്കിലും കാര്യം സാധിച്ചെടുക്കുന്ന രീതി എന്ന ചിന്താഗതി ഭാരതീയർ മാറ്റിവെക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ചുരുക്കം ചില ആളുകളുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ ഒരേ രീതിയിൽ ചിത്രീകരിച്ച് വിദേശ ഹോട്ടലുകൾ പ്രത്യേക നിയമങ്ങൾ ഇറക്കുന്നത് വംശീയ വിവേചനമാണെന്ന് വിശദമാക്കുന്ന പ്രതികരണങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam