ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ, സ്ഥിരീകരിച്ച് നെതന്യാഹു; ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക

Published : Jun 13, 2025, 09:04 AM ISTUpdated : Jun 13, 2025, 09:48 AM IST
Benjamin Netanyahu

Synopsis

ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആണവ കേന്ദ്രങ്ങളാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടത്.

ടെൽ അവീവ്: ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. അതേസമയം തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.

യുഎൻ രക്ഷാസമിതി ഒപ്പം നിൽക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ധാർമിക തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. ഇസ്രയേലിനൊപ്പം നിന്നില്ലെങ്കിൽ അപകടകരമായ മൗനത്തിന്റെ പക്ഷത്താകുമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസഡർ പ്രതികരിച്ചു. അതേസമയം ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

ഇസ്രയേൽ സേന ഇറാനുള്ളിൽ നിരവധി തവണ ആക്രമണം നടത്തിയതായി നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്‍റെ ആണവ പദ്ധതികളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാൻ ജനതയോടല്ല ഇറാന്‍റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന നതാൻസ് സൈറ്റ് ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടത്. ആണവായുധം വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന ഇറാൻ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയതായി നെതന്യാഹു അവകാശപ്പെട്ടു. ഈ ഓപ്പറേഷൻ എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഇസ്രയേൽ കനത്ത ജാഗ്രതയിലാണ്. ഇറാന്‍റെ ഭാഗത്തു നിന്ന് തിരിച്ചടിയുണ്ടായേക്കാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. അതേസമയം ഇസ്രയേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഈ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷനറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു. ഹൊസൈൻ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം
പശ്ചിമേഷ്യൻ യുദ്ധം, ഹോ‍ർമുസിലെ സാഹചര്യം; യുഎഇ പ്രസിഡൻ്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി; 'സമാധാനത്തിനും കപ്പൽ ഗതാഗത സുരക്ഷയ്ക്കും മുൻഗണന'