
ദുബായ്: ഗൾഫ് മേഖലയിൽ ആശങ്ക പരത്തി വീണ്ടും ആക്രമണ ശ്രമങ്ങൾ. ഇറാന്‍റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു. കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണ ഭീഷണിയെ തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അധികൃതർ ആദ്യഘട്ടത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ മിസൈലുകൾ തകർത്തതിന് പിന്നാലെ, രാജ്യം ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ മൊബൈൽ അലർട്ട് അധികൃതർ പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തിൽ സഹകരിച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച അധികൃതർ ജനജീവിതം സാധാരണ നിലയിലായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.
കുവൈത്ത് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ച ശത്രുക്കളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുന്നതിന്‍റെ ഭാഗമാണെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈത്ത് അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.
ഖത്തറിലും ബഹ്‌റൈനിലും അതീവ ജാഗ്രത
മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സുരക്ഷാ ഭീഷണി നിലവാരം അതീവ ഗുരുതരം എന്നതിലേക്ക് ഉയർത്തി. ഞായറാഴ്ച ഇത് രണ്ടാം തവണയാണ് ഖത്തർ സുരക്ഷാ നിലവാരം ഉയർത്തുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് മാറരുതെന്നും ഖത്തർ നിർദ്ദേശിച്ചു.
സമാനമായ രീതിയിൽ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവും രാജ്യത്ത് അടിയന്തര സുരക്ഷാ സൈറണുകൾ മുഴക്കി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നുമാണ് ബഹ്‌റൈൻ ഭരണകൂടം പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ വരുന്ന കൃത്യമായ വിവരങ്ങൾ മാത്രം ജനങ്ങൾ പിന്തുടരണമെന്ന് എല്ലാ ഗൾഫ് രാജ്യങ്ങളും അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam