ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണവുമായി ഇറാൻ; മൂന്ന് പേർ കൊല്ലപ്പെട്ടു

Published : Jun 24, 2025, 11:13 AM ISTUpdated : Jun 24, 2025, 11:19 AM IST
Iran's missile strike after trump declared ceasefire

Synopsis

ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി ഇറാൻ. എന്നാൽ ഇസ്രയേൽ ഇതുവരെ വെടിനിർത്തൽ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ടെൽ അവിവ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ - ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി സൂചനയുണ്ട്. എന്നാൽ ഇസ്രയേൽ ഇതുവരെ വെടിനിർത്തൽ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ബേർഷേബയിൽ ഇറാന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണെന്ന് ഇസ്രയേലിലെ ചാനൽ 14 റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നിലവിൽ വന്നെന്നും ലംഘിക്കരുതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു. എന്നാൽ ഇസ്രയേലിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.

ഒരു ധാരണയോ ഒരു വെടിനിർത്തൽ കരാറോ സൈനിക നടപടിയിൽ നിന്ന് പിന്മാറലോ ഇല്ലെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ വിശദമാക്കിയത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാൻ ആക്രമണം തുടരുന്നില്ലെന്നും അബ്ബാസ് അരാഗ്ചി പറയുകയുണ്ടായി. അവസാന രക്ത തുള്ളി വരെയും രാജ്യത്തെ സംരക്ഷിക്കാൻ സന്നദ്ധരായ സൈനികർക്ക് നന്ദി പറയുന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി.

ഇന്നലെ രാത്രി ഖത്തറിലെ അമേരിക്കൻ ബേസിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളങ്ങളിലൊന്നായ അൽ ഉദൈദ് എയർ ബേസിലേക്ക് 14 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ വടക്കൻ ബഗ്‌ദാദിലെ താജി സൈനിക ബേസിന് നേരെയും ഇറാന്റെ ആക്രമണം നടന്നതായി റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടത്. ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിന്‍റെ പോസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം