
ടെഹ്രാൻ: അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി. ദോഹയിൽ അമേരിക്കയും ഇറാനും ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞതിന് വിരുദ്ധമായാണ് ഇറാന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായും തുടർന്ന് ദോഹയിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു. ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ "ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളെ ദോഹയിൽ നടക്കും" എന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം ബഖായി തള്ളി.
അമേരിക്കൻ പക്ഷവുമായി ഒരു തലത്തിലുമുള്ള ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ആഴ്ച ഇറാന്റെ വിദഗ്ധസംഘം ദോഹയിലെത്തുന്നത് ധാരണാപത്രത്തിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 11ന്റെ നടപ്പാക്കൽ വിലയിരുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധികൾ ഖത്തറിലെത്തിയാലും അത് ഇറാൻ സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ കരാറിലേക്കുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ പൂർണമായി നടപ്പായതിന് ശേഷമേ സമഗ്ര കരാർ ചർച്ചകൾ തുടങ്ങാനാകൂ എന്നും ബഖായി പറഞ്ഞു. ഇറാനിയൻ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 10 പ്രകാരമുള്ള ആവശ്യമായ അനുമതികൾ അമേരിക്ക നൽകിയിട്ടുണ്ടെന്നും അതിന്റെ നടപ്പാക്കൽ ഇറാൻ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ ജൂൺ 18നാണ് ഇറാനും അമേരിക്കയ്ക്കും ഒപ്പുവെച്ച 14 വ്യവസ്ഥകളുള്ള ധാരണാപത്രം പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ, ലെബനനുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ, ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ, ഇറാന്റെ എണ്ണ കയറ്റുമതി, മരവിപ്പിച്ച സ്വത്തുക്കളുടെ മോചനം എന്നിവയാണ് ഇതിലെ പ്രധാന വിഷയങ്ങൾ. അമേരിക്കൻ ആക്രമണങ്ങളും ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാത്തതുമാണ് ഞായറാഴ്ച നടത്താനിരുന്ന സാങ്കേതിക ചർച്ചകൾ റദ്ദാക്കാൻ ഇറാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
അതേസമയം, ഈ ആഴ്ച ദോഹയിൽ യുഎസ് - ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടന്നാൽ അത് പ്രധാനപ്പെട്ടതാകാമെങ്കിലും അതിനെക്കുറിച്ച് ഇപ്പോൾ വലിയ പ്രതീക്ഷകളില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം കൈവശം വയ്ക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും ഇറാന്റെ ആണവനിരായുധീകരണമാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam