
തെഹ്‌റാന്‍: യുഎസും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നതിനിടയില്‍, ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വാക്‌പോര്. ഇറാനിലെ ആണവനിലയങ്ങളില്‍ യുഎന്‍ പ്രതിനിധികള്‍ക്ക് വീണ്ടും പരിശോധന നടത്താന്‍ ഇറാന്‍ അനുമതി നല്‍കിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പ്രസ്താവന തള്ളിക്കൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ആണവ പരിശോധനകളുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് പുതിയ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കിലാണ് ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്.
ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജെ.ഡി വാന്‍സിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി പ്രതിനിധികളെ രാജ്യത്തേക്ക് തിരികെ വിളിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. അമേരിക്കന്‍ ജനതയെ സംബന്ധിച്ച് ഇത് വലിയൊരു വിജയമാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ഇറാന്‍ ആണവ പരിശോധനയ്ക്ക് സമ്മതിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എന്നാല്‍, ഈ അവകാശവാദങ്ങളെല്ലാം ഇറാന്‍ പൂര്‍ണ്ണമായി നിഷേധിച്ചു. 'ആണവ പരിശോധകരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ഒരു പുതിയ കരാറിലും ഒപ്പുവെച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുമായുള്ള ഏതൊരു സഹകരണവും ഇറാന്റെ പാര്‍ലമെന്റും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും നിശ്ചയിച്ച നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ ഉണ്ടാകൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി.
ആണവനിലയങ്ങളിലേക്കുള്ള പ്രവേശനം ഇറാന്‍ തടഞ്ഞതിനെ തുടര്‍ന്ന് ആണവോര്‍ജ ഏജന്‍സി മുഴുവന്‍ പരിശോധകരെയും ഇറാനില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ മേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് വരുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇറാന്‍ എണ്ണ യുഎസ് ഡോളറില്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന 60 ദിവസത്തെ താല്‍ക്കാലിക ലൈസന്‍സാണ് യുഎസ് ട്രഷറി ധനകാര്യ വകുപ്പ് നല്‍കിയത്. വരും ദിവസങ്ങളില്‍ ഇറാന്‍ ക്രൂഡ് ഓയില്‍ നേരിട്ട് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഈ ഇളവിലൂടെ സാധിക്കും.
ഓഗസ്റ്റ് 21 വരെയുള്ള ഈ താല്‍ക്കാലിക ഇളവിന് പകരമായി, ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുമെന്നും ആണവ പരിശോധനയ്ക്ക് അനുമതി നല്‍കുമെന്നും ഇറാന്‍ സമ്മതിച്ചതായാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചിരുന്നത്.
എന്നാല്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ നിഷേധിച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. 60 ദിവസത്തിനുള്ളില്‍ അന്തിമ സമാധാന കരാറിലെത്താനുള്ള കരടിനാണ് ഇരുവിഭാഗവും രൂപം നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam