
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കാൻ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദും അമേരിക്കൻ താരസംഘടനയായ സിഐഎയും നടത്തിയത് ലോകം കണ്ട ഏറ്റവും വലിയ രഹസ്യാന്വേഷണ നീക്കമെന്ന് റിപ്പോർട്ട്. ടെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ മൊബൈൽ ടവറുകൾ വരെ നിയന്ത്രിച്ചാണ് ഇസ്രയേൽ ഈ ദൗത്യം നടപ്പിലാക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് വെളിപ്പെടുത്തുന്നു.
വർഷങ്ങളായി ടെഹ്‌റാനിലെ മിക്ക ട്രാഫിക് ക്യാമറകളും ഇസ്രയേൽ ഹാക്ക് ചെയ്തിരിക്കുകയായിരുന്നു. ഖമനേയിയുടെ വസതി സ്ഥിതി ചെയ്യുന്ന പാസ്ചർ സ്ട്രീറ്റിലെ ചലനങ്ങൾ ഇസ്രയേൽ തത്സമയം നിരീക്ഷിച്ചിരുന്നു. ക്യാമറ വഴി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം, അവർ സഞ്ചരിക്കുന്ന വഴികൾ, ആർക്കാണ് അവർ സംരക്ഷണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ ഇസ്രയേൽ ശേഖരിച്ചു. 'പാറ്റേൺ ഓഫ് ലൈഫ്' എന്നറിയപ്പെടുന്ന ഈ രഹസ്യാന്വേഷണ രീതിയിലൂടെ ഖമനേയി എപ്പോൾ ഓഫീസിലെത്തുമെന്ന് കൃത്യമായി മനസിലാക്കാൻ ഇവർക്ക് സാധിച്ചു. ശനിയാഴ്ച രാവിലെ ഖമനേയിയുടെ വസതിയിൽ ഒരു നിർണ്ണായക യോഗം നടക്കുന്നുണ്ടെന്ന് ഇസ്രയേൽ കണ്ടെത്തി. ഇതോടെ നിശ്ചയിച്ചതിലും നേരത്തെ ആക്രമണം നടത്താൻ ഇസ്രയേലും അമേരിക്കയും തീരുമാനിക്കുകയായിരുന്നു.
ആക്രമണത്തിന് തൊട്ടുമുമ്പ് പാസ്ചർ സ്ട്രീറ്റിന് ചുറ്റുമുള്ള പന്ത്രണ്ടോളം മൊബൈൽ ടവറുകൾ ഇസ്രയേൽ പ്രവർത്തനരഹിതമാക്കി. ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് കോളുകൾ ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം.1000 കിലോമീറ്റർ അകലെ നിന്ന് പോലും ഒരു ഡൈനിംഗ് ടേബിളിന്റെ അത്രയും ചെറിയ ലക്ഷ്യത്തിലേക്ക് കൃത്യമായി പതിക്കുന്ന 'സ്പാരോ' മിസൈലുകളാണ് ഇസ്രയേൽ ഉപയോഗിച്ചത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നതിനും അപ്പുറമായിരുന്നു മിസൈലുകളുടെ വേഗത. ഖമേനിയുടെ മരണത്തോടെ ഇറാൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങൾ പ്രതിസന്ധിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam