
ദുബൈ: ഇറാൻ- ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങളടക്കം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. മസ്ക്കറ്റ്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് സാഹചര്യം അനുസരിച്ച് സർവ്വീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നലെ യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴിയും നാട്ടിലെത്താമെന്ന് പ്രഖ്യാപനം പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു.
നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിരുന്നു. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു.
അതേ സമയം, പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam