'കശ്മീര്‍' ആഭ്യന്തര വിഷയം തന്നെ; ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ

By Web TeamFirst Published Aug 20, 2019, 7:37 PM IST
Highlights

കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാന് വലിയ തിരിച്ചടിയാകുകയാണ് അമേരിക്കയുടെ നിലപാട്.  

ദില്ലി: കശ്മീർ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാടിന് അമേരിക്കയുടെ പിന്തുണ.  370-ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാകിസ്ഥാന് അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും അമേരിക്ക മുന്നോട്ടു വച്ചിട്ടുണ്ട്.  പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് കശ്മീര്‍ വിഷയം ചര്‍ച്ചയായത്. കശ്മീര്‍ മേഖലയിൽ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യൻ ശ്രമങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.  

അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീർ വിഭജനത്തിനും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്. 

തുടര്‍ന്നു വായിക്കാം:'ഇന്ത്യക്കെതിരായ അക്രമങ്ങൾ സമാധാനമുണ്ടാക്കില്ല', മോദി ട്രംപിനോട് ഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംഭാഷണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിളിച്ച അമേരിക്കൻ പ്രസിഡന്‍റ് ,കടുത്ത പ്രസ്‍താവനകള്‍ നിയന്ത്രിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹാരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

തുടര്‍ന്നു വായിക്കാം:വഷളായ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപിന്‍റെ ഇടപെടല്‍

 

 

click me!