വാഷിംഗ്‍ടണ്‍: കശ്‍മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് മൂര്‍ച്ഛിച്ച ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ട്രംപ് ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. 

മേഖലയിലെ നിലവിലെ രാഷ്ട്രീയസാഹചര്യവും ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും മോദിയുമായി ട്രംപ് ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്‍താവനയിലൂടെ അറിയിച്ചു. മോദി-ട്രംപ് സംഭാഷണം അരമണിക്കൂറോളം നീണ്ടുവെന്നാണ് സൂചന. കശ്‍മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ബന്ധം  വഷളായ ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഇരുരാഷ്ട്രത്തലവന്‍മാരുമായും സംസാരിക്കുന്നത്. മോദിയുമായി ആദ്യം സംസാരിച്ച ശേഷം ഇമ്രാനെ ബന്ധപ്പെട്ട ട്രംപ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോടും ടെലിഫോണില്‍ സംസാരിച്ചു. 

മേഖലയില്‍ ചില നേതാക്കള്‍ തന്നെ ഇന്ത്യാവിരുദ്ധ പ്രസ്‍താവന നടത്തുന്ന സാഹചര്യം സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് മോദി ട്രംപിനോട് പറഞ്ഞതായാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. ക‍ശ്‍മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് ട്രംപിനെ കൃത്യമായി ധരിപ്പിച്ച മോദി കശ്‍മീരില്‍ സമാധനപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്‍റേയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യേണ്ടതിന്‍റേയും ആവശ്യകത ട്രംപിനെ ധരിപ്പിച്ചു. 

മോദിയുമായുള്ള സംഭാഷണത്തിന് ശേഷം ഇമ്രാന്‍ ഖാനെ വിളിച്ച ട്രംപ് കടുത്ത പ്രസ്‍താവനകള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹാരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. പാകിസ്ഥാനുമായുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനവും ട്രംപ് ഇമ്രാന് നല്‍കി. 

ഇന്ത്യന്‍ പ്രധാനമന്ത്രി മോദി, പാക് പ്രധാനമന്ത്രി ഖാന്‍... എന്‍റെ രണ്ട് നല്ല സുഹൃത്തുകളോട് ഇന്ന് സംസാരിച്ചു. വ്യാപാരം, നയതന്ത്രബന്ധം എന്നിവയൊക്കെ ചര്‍ച്ച ചെയ്തു. എന്നാല്‍  കശ്‍മീര്‍ വിഷയത്തില്‍ നിലവില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കുന്നതിനെപ്പറ്റിയാണ് കൂടുതലായി ചര്‍ച്ച ചെയ്തത്. സ്ഥിതിഗതികള്‍ അല്‍പം ഗുരുതരമാണ് എങ്കിലും ഇരുവരുമായുള്ള ചര്‍ച്ച പ്രതീക്ഷയുളവാക്കുന്നതാണ് - ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.