
ഗെറ്റിസ്ബർഗ്, പെൻസിൽവാനിയ: പ്രശസ്ത അമാനുഷിക പ്രതിഭാസങ്ങളുടെ അന്വേഷകനും യുഎസ് ആർമി വെറ്ററനുമായ ഡാൻ റിവേര (54) പെൻസിൽവാനിയയിലെ ഗെറ്റിസ്ബർഗിൽ വെച്ച് മരണപ്പെട്ടു. താൻ സംഘടിപ്പിച്ച 'ഡെവിൾസ് ഓൺ ദി റൺ ടൂർ' എന്ന പരിപാടിയുടെ ഭാഗമായി, ദുരൂഹതകൾ നിറഞ്ഞ 'അനാബെൽ' പാവയുമായി സഞ്ചരിക്കവേയാണ് ഡാൻ റിവേരയുടെ അന്ത്യം. ടൂർ സംഘാടകരാണ് ഈ വിവരം പുറത്തുവിട്ടത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ഗെറ്റിസ്ബർഗിൽ മൂന്ന് ദിവസത്തെ പരിപാടി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഞായറാഴ്ചയാണ് ഡാൻ മരണപ്പെട്ടത്. 'ഗോസ്റ്റ്‌ലി ഇമേജസ് ഓഫ് ഗെറ്റിസ്ബർഗ് ടൂർസ്' എന്ന സംഘം സോൾജിയേഴ്‌സ് നാഷണൽ ഓർഫനേജിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ച് (NESPR) ആണ് ഇക്കാര്യം അറിയിച്ചത്.
ടൂർ പൂർത്തിയാക്കിയതിന് ശേഷം ഡാൻ അപ്രതീക്ഷിതമായി മരിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് പറയുന്നു. ഈ ടൂറിന്‍റെ ഭാഗമായി, ദുരൂഹതകൾ നിറഞ്ഞ അനാബെൽ പാവയുമായി സംഘം രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ഗെറ്റിസ്ബർഗിലെ അദ്ദേഹത്തിന്റെ ഹോട്ടൽ മുറിയിലേക്ക് ആംബുലൻസും അഗ്നിശമന സേനയും പാഞ്ഞെത്തിയെങ്കിലും, ഇതിനകം ഡാൻ മരണപ്പെട്ടിരുന്നു. മരണകാരണം വ്യക്തമല്ല.
മരണത്തിൽ അസ്വാഭാവികതകളൊന്നും ഇല്ലെന്നാണ് കോറോണർ ഓഫീസ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് ഈവനിംഗ് സൺ റിപ്പോർട്ട് ചെയ്യുന്നു. ഡാനിനെ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ട്രാവൽ ചാനലിലെ 'മോസ്റ്റ് ഹോണ്ടഡ് പ്ലേസസ്' എന്ന പരിപാടിയിൽ അമാനുഷിക ഗവേഷകനായി ഡാൻ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, നെറ്റ്ഫ്ലിക്സിന്റെ '28 ഡേയ്‌സ് ഹോണ്ടഡ്' ഉൾപ്പെടെ നിരവധി പരിപാടികളുടെ നിർമ്മാതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തന്‍റെ ടൂറിന്‍റെ ഭാഗമായി, ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചിലെ മറ്റ് അംഗങ്ങളോടൊപ്പം ദുരൂഹതകൾ നിറഞ്ഞ അനാബെൽ പാവയുമായി അദ്ദേഹം യുഎസിലുടനീളം സഞ്ചരിക്കുകയായിരുന്നു.
1970-കളിൽ, കണക്റ്റിക്കട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ഡോണയ്ക്ക് ലഭിച്ചതിന് ശേഷം അനാബെൽ പാവയുമായി ബന്ധപ്പെട്ട് നിരവധി അമാനുഷിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്പതികൾ പറയുന്നതനുസരിച്ച് പാവ തനിയെ കൈകൾ ഉയർത്തുകയും ആളുകളെ പിന്തുടരുകയും മറ്റ് ഭയാനകവും ദുരുദ്ദേശ്യപരവുമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും ദമ്പതികൾ അവകാശപ്പെട്ടിരുന്നു.
ആറ് വയസുകാരിയായ അനാബെൽ എന്ന മരിച്ച പെൺകുട്ടിയുടെ ആത്മാവ് പാവയിൽ പ്രവേശിച്ചതായി വിശ്വസിക്കപ്പെടുന്നു. പാവയ്ക്ക് ഭൂതാവേശം ഉണ്ടെന്ന് വാദിച്ച വാറൻ ദമ്പതികൾ, പിന്നീട് പാവയെ അവരുടെ കണക്റ്റിക്കട്ടിലെ മ്യൂസിയത്തിലേക്ക് മാറ്റി. ഈ പൈശാചിക പാവയാണ് 'ദി കൺജറിംഗ്' എന്ന സിനിമയ്ക്ക് പ്രചോദനമായത്.
ഈ വർഷം ആദ്യം, ലൂസിയാനയിലെ ഒരു ജയിൽ ചാട്ടവുമായും തീപിടുത്തവുമായും അനാബെൽ പാവയെ ബന്ധപ്പെടുത്തി ചില ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, പാവ ഒരിക്കലും 'നിയന്ത്രണം വിട്ടിട്ടില്ല' എന്ന് വിദഗ്ധർ പിന്നീട് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam